ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മാത്രമാണ് സഖ്യമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതൃത്വം. അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്‍.എല്‍.ഡിയുമായി സഖ്യമുണ്ടാവില്ലെന്ന് മുതിര്‍ന്ന എസ്.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ കിരണ്‍മോയ് നന്ദ വ്യക്തമാക്കി. യു.പിയില്‍ കോണ്‍ഗ്രസും എസ്.പിയും അടങ്ങുന്ന വിശാല സഖ്യമായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് നേതൃത്വം രംഗത്തെത്തിയത്. 403 അംഗ നിയമസഭയിലേക്ക് 300 സീറ്റില്‍ സമാജ് വാദി പാര്‍ട്ടി മത്സരിക്കുമെന്ന് കിരണ്‍മോയ് നന്ദ പറഞ്ഞു. ശേഷിച്ച 103 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കും. സീറ്റു വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.എല്‍.ഡിയുമായി നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്ന് നന്ദ വ്യക്തമാക്കി. ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികക്ക് എസ്.പി അന്തിമ രൂപം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് ഇനി നിശ്ചയിക്കാനുള്ളത്. ഇതിനുള്ള നടപടി ആ പാര്‍ട്ടിയില്‍ പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് അഖിലേഷ് യാദവ് പ്രഖ്യാപിക്കും. അഖിലേഷിന്റെ നേതൃത്വത്തില്‍ നടന്ന ആറു മണിക്കൂര്‍ നീണ്ട എസ്.പി നേതാക്കളുടെ യോഗത്തിലാണ് സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ ധാരണയില്‍ എത്തിയതെന്നും കിരണ്‍മോയ് നന്ദ പറഞ്ഞു.
സീറ്റു വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആര്‍.എല്‍.ഡി സഖ്യനീക്കം ഉപേക്ഷിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. എസ്.പി വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആര്‍.എല്‍.ഡി ആവശ്യപ്പെട്ടതാണ് സഖ്യ നീക്കം പരാജയപ്പെടാന്‍ കാരണം.
കോണ്‍ഗ്രസുമായി സഖ്യം നിലവില്‍ വന്നതോടെ രാഷ്ട്രീയ സാഹചര്യം അനുകൂലമായി മാറിയെന്ന് കിരണ്‍മോയ് നന്ദ പറഞ്ഞു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ യു.പിയില്‍ അധികാരത്തില്‍ വരും. തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഏഴു ഘട്ടങ്ങളിലായാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.