X

സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍

വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

അഴിമതിയും കമ്മീഷന്‍ പദ്ധതികളും സ്വജനപക്ഷപാതവും ഗുണ്ട, ലഹരി മാഫിയകളുമായുള്ള സി.പി.എം ബന്ധവും പൊലീസിനെയും ഗുണ്ടകളെയും തിരിച്ചറിയാനാകാത്ത തരത്തിലുള്ള ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വ്യാപകമാകുന്ന അക്രമങ്ങള്‍, സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതിക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച… അങ്ങനെ ഭരണകൂട ഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും ചേര്‍ന്ന് ഭീതിതമായ ദിനങ്ങളിലൂടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. രക്ഷകരുടെ വേഷത്തില്‍ നിന്നവര്‍ മഹാമാരിക്കാലത്ത് ഖജനാവ് കൊള്ളയടിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌വന്നുകൊണ്ടിരിക്കുന്നു. ഭരണത്തുടര്‍ച്ചയുടെ ദുരന്ത ഫലങ്ങളാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍; ഇതൊരു സര്‍ക്കാരല്ല, കൊള്ളസംഘമാണ്.

ബന്ധുക്കള്‍ക്ക്‌വേണ്ടി അഴിമതി ക്യാമറ

റോഡ് സുരക്ഷയുടെ പേരില്‍ എ.ഐ സാങ്കേതിക വിദ്യയുണ്ടെന്ന വ്യാജേന നിരത്തുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചതിന്പിന്നില്‍ നടന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് വ്യക്തമായി. അഴിമതി ക്യാമറ ഇടപാടിലെ പകല്‍ക്കൊള്ള തെളിവ് സഹിതമാണ് പ്രതിപക്ഷം തുറന്നുകാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസും കടന്ന് പിണറായി വിജയന്റെ വീട്ടിനുള്ളില്‍ വരെ ആരോപണങ്ങളെത്തി നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പനിയുടെ ദുരൂഹമായ ഇടപെടലുകള്‍ സംബന്ധിച്ച തെളിവും പുറത്ത്‌വിട്ടു. എന്നിട്ടും ഭീരുവിനെ പോലെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയതിലൂടെ സി.പി.എം ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉള്‍പ്പെടുന്ന കറക്ക് കമ്പനികള്‍ക്ക് അഴിമതി നടത്താന്‍ സര്‍ക്കാരും കെല്‍ട്രോണും അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏത് പദ്ധതി നടപ്പാക്കിയാലും അതിന്റെ കമ്മീഷനും അഴിമതിപ്പണവും ഒരു പെട്ടിയിലേക്ക് എത്തിച്ചേരുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതും രണ്ടാം സര്‍ക്കാര്‍ തുടരുന്നതും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ട പ്രസാഡിയോ എന്ന സ്ഥാപനമാണ് അഴിമതി ക്യാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയത്. ഒരു രൂപ പോലും മുടക്കില്ലാതെ വരുമാനത്തിന്റെ 60 ശതമാനമാണ് ഈ കറക്ക് കമ്പനിയിലേക്കെത്തുന്നത്. പ്രതിപക്ഷം പുറത്തുവിട്ട തെളിവുകള്‍ വ്യാജമാണെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും പറഞ്ഞിട്ടില്ല. ഏപ്രില്‍ 12 ലെ മന്ത്രിസഭ യോഗത്തില്‍ ഗതാഗതമന്ത്രി സമര്‍പ്പിച്ച കുറിപ്പില്‍ കരാര്‍ നേടിയ കമ്പനികളുടെ വിവരങ്ങള്‍ മറച്ചുവച്ചതും ദുരൂഹമാണ്. പൊതുഖജനാവിന് ഒരു നഷ്ടവും ഇല്ലെന്ന് സി.പി.എം ന്യായീകരിക്കുമ്പോഴും ജനങ്ങളില്‍നിന്നും 1000 കോടി രൂപ പിഴത്തുകയായി പിരിച്ചെടുക്കാന്‍ കറക്ക് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതാണ് അഴിമതി ക്യാമറ പദ്ധതി. മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാതായപ്പോള്‍ കറക്ക് കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണ്.

കെ ഫോണ്‍ അഴിമതിയിലും പ്രസാഡിയോ

അഴിമതി ക്യാമറയെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണില്‍ നടത്തിയത്. പദ്ധതി നടത്തിപ്പിന് ഭാരത് ഇലക്ട്രോണിക്‌സിനെയാണ് (ബെല്‍) ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ കരാര്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് നല്‍കിയത്. 1028.8 കോടിയുടെ പദ്ധതി കണ്‍സോര്‍ഷ്യത്തിന് നല്‍കിയപ്പോള്‍ 1531 കോടി രൂപയായി ഉയര്‍ന്നു. പത്ത് ശതമാനത്തില്‍ അധികം ടെണ്ടര്‍ എക്‌സസ് പാടില്ലെന്ന നിബന്ധന മറികടന്ന് 520 കോടിയോളമാണ് അധികമായി നല്‍കിയത്. ബെല്‍, അഴിമതി ക്യാമറ ഇടപാടില്‍ ഉള്‍പ്പെട്ട എസ്.ആര്‍.ഐ.ടി, റെയില്‍ടെല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. എസ്. ആര്‍.ഐ.ടിക്ക് കിട്ടിയ കരാര്‍ പാലങ്ങളും റോഡുകളും മാത്രം നിര്‍മിക്കുന്ന അശോക ബില്‍ഡ്‌കോണിന് നല്‍കി. അശോക ബില്‍ഡ്‌കോണ്‍ ഈ കരാര്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയായ പ്രസാഡിയോയ്ക്ക് നല്‍കി. അഴിമതി ക്യാമറയിലെന്ന പോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്.

ധൂര്‍ത്തിന് നികുതിക്കൊള്ള

ഭരണപരാജയവും ധൂര്‍ത്തും ഉണ്ടാക്കിയ കടക്കെണിയില്‍നിന്നും കരകയറുന്നതിനും സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെ മാത്രം ഇന്ധന സെസും മദ്യത്തിന്റെ വില വര്‍ധനവും ഉള്‍പ്പെടെ 4500 കോടിയുടെ അധിക നികുതിയാണ് അടിച്ചേല്‍പ്പിച്ചത്. ഇതിന്പുറമെ വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വര്‍ധിപ്പിച്ചു. പ്രളയവും കോവിഡ് മഹാമാരിയും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നും ജനം കരകയറുന്നതിനിടയിലാണ് നികുതിക്കൊള്ളയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തിന്പുറമെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസും വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തിലാണ് കരിനിഴല്‍ വീഴ്ത്തിയത്. പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാഫീസ് 30 രൂപയില്‍നിന്നും 1000 മുതല്‍ 5000 രൂപ വരെയും പെര്‍മിറ്റ് ഫീസ് പത്തിരട്ടിയുമായാണ് വര്‍ധിപ്പിച്ചത്.

ലൈഫ് മിഷന്‍ തട്ടിപ്പ്

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയും കമ്മീഷന്‍ ഇനത്തില്‍ തട്ടിയെടുക്കുകയായിരുന്നു. കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണെങ്കില്‍ കേരളത്തിലെ സി.പി.എം ഭരണത്തില്‍ കമ്മീഷന്‍ അതിനേക്കാള്‍ ഉയര്‍ന്നതാണ്. കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയില്ലായിരുന്നുവെങ്കില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ ആയ മുഖ്യമന്ത്രി എന്നേ ആ കേസില്‍ പ്രതിയാകുമായിരുന്നു.

ലഹരി മാഫിയക്ക് സി.പി.എം രക്ഷ

സംസ്ഥാനത്ത് എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. അത് തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനങ്ങളുമില്ല. മാരകമായ രാസ മരുന്നുകളാണ് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ചെറിയ കാരിയേഴ്‌സിനെ മാത്രമാണ് പിടികൂടുന്നത്. ലഹരി മാഫിയക്കെതിരെ ഒരു നിയന്ത്രണവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കാരണം ലഹരി മാഫിയയ്ക്ക് സി.പി.എം രക്ഷാകര്‍തൃത്വമുണ്ട്. സി.പി. എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ലഹരിക്കടത്തിന്റെ ഭാഗമാകുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.

സ്ത്രീസുരക്ഷ കസര്‍ത്തിലൊതുങ്ങി

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന്റെ തന്നെ കണക്കുകള്‍. 2020 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021 ല്‍ 16,199 ലേക്ക് ഉയരുകയും 2022 ല്‍ 18,943 ആകുകയും ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2020ല്‍ 3941 ആയിരുന്നത് 2022ല്‍ 5315 ലേക്ക് ഉയര്‍ന്നു. ഒരുദിവസം 47 സ്ത്രീകള്‍ വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന് ഓശാന പാടാനുള്ള ഭക്തജനസംഘമായി നില്‍ക്കുകയാണ് പൊലീസ്.

തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല

നെല്ല് സംഭരണത്തില്‍ മാത്രം 1000 കോടി കുടിശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി വകയിരുത്തിയ റബര്‍ വിലസ്ഥിരതാ ഫണ്ടില്‍ ചെലവഴിച്ചത് വെറും 32 കോടി രൂപ. കര്‍ഷകരെ സഹായിക്കേണ്ട റബര്‍ ബോര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍തന്നെ ഇല്ലാതാക്കുന്നു. അടയ്ക്ക കര്‍ഷകരെ സംബന്ധിച്ച് ഉത്പാദനക്കുറവാണ് പ്രശ്‌നമെങ്കില്‍ നാളികേര കര്‍ഷകര്‍ക്ക് വിലയിടിവാണ് പ്രതിസന്ധി. സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങയുടെ വിലയും കൂപ്പുകുത്തി. ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ മേഖലയിലെ കര്‍ഷകരും പ്രതിസന്ധിയില്‍.

പെന്‍ഷനില്ല, മേനി പറച്ചില്‍ മാത്രം

മത്സ്യത്തൊഴിലാളികള്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ അവരെയും സര്‍ക്കാര്‍ കബളിപ്പിക്കുന്നു. കെ.എസ്.ആര്‍.ടി. സിയെ തകര്‍ത്തു. യു.ഡി.എഫിന്റെ അഭിമാന പദ്ധതിയായ ‘കാരുണ്യ’ ഇല്ലാതാക്കി. ആശ്വാസകിരണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ മാസങ്ങളായി മുടങ്ങി. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പാചകത്തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനമില്ല. എയ്ഡ്‌സ് രോഗികളുടെ പെന്‍ഷനടക്കം മുടങ്ങി. എന്നിട്ടും സാമൂഹിക സുരക്ഷാപെന്‍ഷന്റെ പേരില്‍ ഊറ്റംകൊള്ളുന്ന പിണറായി

സര്‍ക്കാര്‍ ദുരന്തമാണ്.

അനധികൃതമായി ലൈസന്‍സ് നല്‍കിയ ബോട്ട് മറിഞ്ഞ് താനൂരില്‍ 22 പേര്‍ മരിച്ച അതിദാരുണ സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമാണ്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസിന്റെ കണ്‍മുന്നില്‍ വനിതാഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നു. കഴിഞ്ഞ രണ്ട്‌വര്‍ഷം അഭിമാനിക്കാന്‍ എന്തുണ്ട്? അഴിമതിരാജായി മാറിയ കമ്യൂണിസ്റ്റ് ഭരണകൂടം. അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞ സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതികൂടി പുറത്ത് വരുമ്പോള്‍ പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും. ജനദ്രോഹ ഭരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയും അവകാശവുമില്ല.

webdesk11: