ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകണെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ലോധകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീരിക്കാത്ത സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്ന് കാണിച്ച് അസോസിയേഷനുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ പ്രസിഡന്റും സെക്രട്ടറിയും ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് കത്തയക്കണം.
കൂടാതെ ബിസിസിഐയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ബോര്‍ഡിന്റെ കരാറുകള്‍ നിരീക്ഷിക്കാനായി സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്നും പരമോന്നത നീതിപീഠം ആവശ്യപ്പെട്ടു. സമിതിയുടെ അംഗീകാരമില്ലാതെ കൈമാറാവുന്ന ഫണ്ട് എത്രയെന്ന് ലോധ കമ്മിറ്റി തന്നെ തീരുമാനിക്കണം. ഈ പരിധിക്കു പുറത്തുള്ള എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ലോധ കമ്മിറ്റിയുടെ അംഗീകാരം കൂടിയേ മതിയാകൂ.
അടുത്ത പത്തു വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണ കരാര്‍ നല്‍കാന്‍ ബിസിസിഐ തയാറെടുക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ തീരുമാനം. ഇത് ബിസിസിഐക്കു കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.