മുസ്ലിംലീഗുമായുള്ള സുദീര്‍ഘമായ ബന്ധത്തില്‍ ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും അത് തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍. സമസ്തയുടെ മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തില്‍ സംസാരിച്ച നേതാക്കളാണ് മുസ്ലിംലീഗുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ അടിവരയിട്ട് വിശദീകരിച്ചത്. മുസ്ലിംലീഗും സമസ്തയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നും സമസ്തയുടെ ആളുകളെന്ന് പറഞ്ഞ് ഈ സൗഹൃദം തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ എഴുതുന്നവരെല്ലാം സമസ്തയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. മുസ്ലിംലീഗില്‍ എല്ലാ മതസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. എന്നാല്‍ മുസ്ലിംലീഗുമായും ലീഗ് നേതാക്കളുമായും സമസ്തക്ക് കൂടുതല്‍ ബന്ധവും അടുപ്പവുമുണ്ട്. അത് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല- അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ആരും വധഭീഷണി മുഴക്കിയിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത ലീഗിന്റേതാണെന്നും ലീഗ് സമസ്തയുടേതാണെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ല്യാര്‍ വ്യക്തമാക്കി. മുസ്ലിംലീഗിലുള്ള ഭൂരിഭാഗവും സമസ്തയുടെ അനുഭാവികളാണ്. മുസ്ലിം രാഷ്ട്രീയ കൂട്ടായ്മയുമായി സമസ്തയുടെ ബന്ധം സുദൃഢമാണ്. ആ ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുന്ന ഒരു പ്രവര്‍ത്തനം ആരില്‍നിന്ന് ഉണ്ടായാലും അത് അനുവദിക്കില്ല.- അദ്ദേഹം പറഞ്ഞു. ലീഗിനും സമസ്തക്കുമിടയില്‍ വിള്ളലുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും സമുദായം അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. രാഷ്ട്രീയ സംഘശക്തിക്ക് പോറലേല്‍പ്പിക്കുന്ന പ്രവര്‍ത്തനം നടത്തരുത്. ഒരുമയുടെ പാഠം പകരാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അനൈക്യത്തിന്റെ ചര്‍ച്ചകള്‍ കൊണ്ടുവന്നാല്‍ വലിയ നഷ്ടമുണ്ടാകും. ചാപ്പനങ്ങാടി ഉസ്താദിന്റെയും കെ.സി ജമാലുദ്ദീന്‍ മുസ്ല്യാരുടെയും മാനു മുസ്ല്യാരുടെയും പാരമ്പര്യം ആരും മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.