സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.
പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.
സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.