മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമക്കും ഭാര്യക്കും മറ്റ് രണ്ട് പേര്‍ക്കും കര്‍ണാടക ലോകായുക്തയുടെ ക്ലീന്‍ചിറ്റ്. തെളിവുകളുടെ അഭാവത്തിലാണ് മൂവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയത്. സിവില്‍ കേസാണ് ഇവര്‍ക്കെതിരെ ഉള്ളതെന്നും അതിന് ക്രിമിനല്‍ നടപടി ക്രമത്തിന്റെ ആവശ്യമില്ലെന്നും ലോകായുക്ത വിലയിരുത്തി.
കേസില്‍ പരാതി നല്കിയ മാധ്യമപ്രവര്‍ത്തക സ്നേഹമയി കൃഷ്ണക്ക് അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച് ലോകായുക്ത നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസില്‍ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവില്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നുവന്നത്. മുഡ കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം.
എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരുവിലുള്ള ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ പറയുന്നു.