മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ നിരന്തരമായി റീ സെറ്റ് ചെയ്തതിനാൽ തെളിവുകൾ കണ്ടെത്താനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.
ഗോപാലകൃഷ്ണൻ ആദ്യം കൈമാറിയത് വാട്സ് ആപ്പ് ഇല്ലാത്ത ഐ ഫോൺ ആണ്. പൊലീസ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് വാട്സ്ആപ്പ് ഉപയോഗിച്ച സാംസങ്ങ് ഫോൺ കൈമാറിയത്. രണ്ട് പ്രാവശ്യം ഫോണുകൾ ഫാക്ടറി റീ സെറ്റ് ചെയ്താണ് കൈമാറിയത്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞാണ് ഫോൺ കൈമാറിയത്. നിരന്തരമായി റീ സെറ്റ് ചെയ്തതിനാൽ തെളിവുകളില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടില്‍ പറയുന്നത്.
അതേസമയം, ഹിന്ദു മല്ലു വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സംരക്ഷിച്ചുള്ള ചാർജ് മെമ്മോ പുറത്ത് വന്നിരുന്നു. മൊബൈൽ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപരാതി നൽകിയതും മുസ്‌ലിം ഐ.എ.എസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമർശിക്കാതെയാണ് ഗോപാലകൃഷ്ണനെതിരായ ചാർജ് മെമ്മോ.
ഗോപാലകൃഷ്ണൻ ഗ്രൂപ്പുണ്ടാക്കിയതിനെതിരേ ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ സ്ക്രീൻ ഷോട്ടും ഗോപാലകൃഷ്ണൻ നൽകിയ സ്ക്രീൻ ഷോട്ടും മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത വളർത്താൻ ശ്രമിച്ചെന്ന കുറ്റം മാത്രമാണ് ഗോപാല കൃഷ്ണനെതിരേ ചാർജ് മെമ്മോയിൽ പറയുന്നത്.
ഇതോടെ വ്യാജ പരാതി നൽകി എന്നതുൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ കണ്ടില്ലെന്നു നടിച്ച് ഗോപാലകൃഷ്ണനെ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ശക്തമായി. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ ഗ്രൂപ്പിൽ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ നർകോട്ടിക്സ് സെൽ അസിസ്റ്റന്റ് കമ്മിഷണർ അജിത്ചന്ദ്രൻ നായരുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
സ്വന്തം ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാ കാത്തതും വെല്ലുവിളിയാണ്. വിവാദ ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കുവെന്നും പുറമേ നിന്നുള്ളവർ നൽകുന്ന പരാതി മതിയാകില്ലെന്നുമാണു പൊലീസ് നിലപാട്.