രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുഷ്പ 2 ഇന്ന് പുലര്‍ച്ചയോടെ തന്നെ തീയറ്ററുകളില്‍ എത്തിക്കഴിഞ്ഞിരുന്നു. അല്ലു അര്‍ജുന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ദിവസം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബെംഗളൂരു അര്‍ബണ്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണര്‍ ചിത്രത്തിന്റെ അതിരാവിലെയുള്ള ഷോ റദ്ദാക്കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റര്‍ ഉടമകള്‍ക്ക് റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് നോട്ടീസ് നല്‍കിയത്. ബെംഗളൂരുവിലെ 40 സിംഗിള്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനം റദ്ദാക്കാനാണ് നിര്‍ദേശം.
1964-ലെ കര്‍ണാടക സിനിമാസ് ഭേദഗതി നിയമം പ്രകാരം ചലച്ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഒരുകാരണവശാലും രാവിലെ 6.30ന് മുമ്പ് ആരംഭിക്കാന്‍ പാടില്ലാ. അവസാന ഷോ രാത്രി 10.30-ന് ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാനും പാടുള്ളൂ. ഈ വര്‍ഷം തന്നെ റിലീസിനെത്തിയ പല സിനിമകളും ഈ നിയമം പാലിച്ചിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.
‘പുഷ്പ: ദി റൈസി’ എന്ന വന്‍ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു.
രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. പ്രകാശ് രാജ്, ജഗപതി ബാബു, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.