X

എഡിഎം നവീന്‍ ബാബുവിന് വീഴ്ചയില്ല; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

ആത്മ‌ഹത്യചെയ്ത എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ. എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും കലക്ടർ കണ്ടെത്തി. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ്  റിപ്പോർട്ടില്‍ പറയുന്നത്.

പെട്രോൾ പമ്പിനു എൻഒസി നൽകുന്നത് എഡിഎം കെ.നവീൻ ബാബു മാസങ്ങളോളം വൈകിച്ചു എന്ന പി.പി.ദിവ്യയുടെ ആരോപണത്തിൽ കഴമ്പില്ലെന്നു തെളിയിച്ച് രേഖകൾ പുറത്ത് വന്നിരുന്നു. സ്‌ഥലംമാറ്റത്തിനു തൊട്ടുമുൻപത്തെ ഏറെത്തിരക്കുള്ള ദി വസങ്ങളിൽ 6 പ്രവൃത്തിദിന ങ്ങൾ കൊണ്ടാണ് ഫയൽ തീർപ്പാക്കിയത്. വിവിധ വകുപ്പുകളിൽ നി ന്നുള്ള അനുമതികൾ ലഭിച്ചാലേ, എഡിഎമ്മിന് അന്തിമ എൻഒസി നൽകാനാകൂ. അക്കാര്യം മനസ്സിലാക്കാതെയാണ് ദിവ്യയുടെ വിമർശനം.

സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ എൻഒസി വേണമെന്നാവശ്യപ്പെട്ടാണ് എഡിഎമ്മിനെ സമീപിച്ചത്.

എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അനുമതി നൽകുന്നതിന് പ്രയാസമുണ്ടെന്ന് എഡിഎം അറിയിക്കുകയായിരുന്നു. എങ്കിലും സ്ഥലംമാറ്റത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവീൻ ബാബു പമ്പിന് എൻഒസി നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് ദിവ്യ യാത്രയയപ്പ് യോ​ഗത്തിൽ ആരോപിച്ചത്. ഇതിന്‍റെ തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

webdesk13: