X

കടാശ്വാസ നടപടിയില്ല; ബാധ്യതയില്‍ കണ്ണുതള്ളി കര്‍ഷക ജീവിതം

പ്രതിസന്ധികള്‍ ഒന്നിന് പിറകെ മറ്റൊന്നായി എത്തി കടക്കെണിയിലായ കര്‍ഷകരോട് ഒട്ടുമില്ല കരുണ. പ്രളയവും കോവിഡും തകര്‍ത്ത ജീവിതങ്ങള്‍ക്ക് ആശ്വാസമാകേണ്ട അവസരവും സര്‍ക്കാര്‍ തന്നെ മുടക്കുന്നു. വായ്പ തിരിച്ചടക്കാനാകാതെ കടക്കെണിയിലായ പലരും ജീവനൊടുക്കിയിട്ടും കടാശ്വാസ നടപടിയില്‍ തീരുമാനമെടുക്കാത്തത് കര്‍ഷകരെ കൈവിടുന്ന സര്‍ക്കാര്‍ സമീപനമാണ് തുറന്നുകാട്ടുന്നത്.

കര്‍ഷകരുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. കമ്മീഷനെ സമീപിക്കാന്‍ ഉത്തരവ് ഇറക്കി ബാങ്കുകളുടെ ജപ്തിയും ബാധ്യതയും ഒഴിവാക്കുന്നതാണ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍. ഓരോ സാമ്പത്തിക വര്‍ഷത്തിലുമാണ് കടാശ്വാസ കമ്മീഷനെ സമീപിക്കാമെന്ന ഉത്തരവ് ഇറക്കേണ്ടത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ഉത്തരവ് ഇറക്കിയത് 2020ലാണ്. ഇത്തവണ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞു മാറുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കമ്മീഷന്‍ ഇളവ് ചെയ്യുന്ന തുക കര്‍ഷകരുടെ ഭാരം കുറക്കുമെങ്കിലും ആ തുക സര്‍ക്കാറാണ് ബജറ്റില്‍ വകയിരുത്തി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടത്. സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയതോടെ ഇത്തവണ ബജറ്റില്‍ തുക വകയിരുത്തിയിട്ടുമില്ല. നേരത്തെ കമ്മീഷന്‍ വിധിച്ച തുകയുടെ നാലിലൊന്നുപോലും കൈമാറിയിട്ടുമില്ല. 2020 മാര്‍ച്ച് 31ന് ഇറങ്ങിയ ഉത്തരവ് പ്രകാരം ഒരു ലക്ഷത്തിലേറെ പേരാണ് അപേക്ഷിച്ചത്. 85,000 അപേക്ഷകള്‍ കോവിഡ് നിയന്ത്രണങ്ങളാല്‍ കമ്മീഷന് പരിഗണിക്കാനായിട്ടില്ല. കാല്‍ലക്ഷത്തോളമെത്തിയ ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍.

ഓണ്‍ലൈന്‍ അദാലത്തിനിടയിലും വര്‍ഷാന്ത്യ കണക്കെടുപ്പിന്റെ തിരക്കിലായതോടെ ബാങ്കുകള്‍ സഹകരിക്കാത്ത അവസ്ഥയായിരുന്നു. കടാശ്വാസ കമ്മീഷന്‍ തീര്‍പ്പ് കല്‍പിച്ച തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനും ഒരു കാരണമിതാണ്.

അംഗീകരിക്കേണ്ടത് സഹ.രജിസ്ട്രാര്‍

കടാശ്വാസ കമ്മീഷന്‍ അനുവദിക്കുന്ന തുക സഹകരണ രജിസ്ട്രാര്‍ അംഗീകരിച്ചാല്‍ ബജറ്റ് വിഹിതത്തില്‍ നിന്നാണ് അനുവദിക്കുക. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 131.68 കോടിയാണ് സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ ഇതില്‍ നാലിലൊന്ന് പോലും സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.

കര്‍ഷകര്‍ക്ക് ആശ്വാസമായി കമ്മീഷന്‍

2007ലെ കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്ട് പ്രകാരം സര്‍ക്കാര്‍ രൂപീകരിച്ചതാണ് കമ്മിഷന്‍. അഞ്ച് വര്‍ഷത്തിനിടെ ഉയുണ്ടായ പ്രകൃതി ക്ഷോഭങ്ങളും കെടുതികളും കടബാധ്യതയും ആത്മഹത്യകളും കര്‍ഷകരെ ദോഷകരമായി ബാധിച്ച മറ്റ് പ്രശ്‌നങ്ങളും കമ്മീഷന് പരിഗണിക്കാം.

ലഭിക്കുന്ന ഇളവുകള്‍

മുതലും പലിശയുമായി അരലക്ഷം രൂപയുടെ വായ്പ കുടിശികയുള്ള കര്‍ഷകന് 37,500 രൂപ ഇളവ് ലഭിക്കും. 12,500 രൂപ അടച്ചാല്‍ മതി. വായ്പാത്തുക എത്ര ഉയര്‍ന്നതാണെങ്കിലും യുക്തമായ ഇളവ് ലഭിക്കും വീട് അറ്റകുറ്റപ്പണി വായ്പയും പരിഗണിക്കുമെങ്കിലും നാമമാത്രമായ തുകയേ അനുവദിക്കൂ.

ഉത്തരവ് വൈകുന്നു

നിലവിലെ കമ്മീഷന്‍ അധികാരമേറ്റത് മുതല്‍ പ്രളയം, ഉരുള്‍പൊട്ടല്‍, കോവിഡ് എന്നിവ പരിഗണിച്ച് അപേക്ഷിക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച് ലഭിക്കുന്ന വിവരം.

Test User: