അഹമ്മദാബാദ്: ഇന്‍ഡോറില്‍ രണ്ടര ദിവസത്തിനകം ഇന്ത്യയെ കെട്ടുകെട്ടിച്ച് ഓസ്‌ട്രേലിയന്‍ സംഘത്തെ നയിച്ച സ്റ്റീവന്‍ സ്മിത്ത് തന്നെ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ പരമ്പരയിലെ അവസാന മല്‍സരത്തിനുള്ള സന്ദര്‍ശക സംഘത്തെ നയിക്കും. സ്ഥിരം നായകന്‍ പാറ്റ് കമിന്‍സ് മാതാവിന്റെ അസുഖത്തെ തുടര്‍ന്ന് സിഡ്‌നിയില്‍ തന്നെയാണ്. അദ്ദേഹം നാട്ടില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് സ്മിത്ത് വീണ്ടും അവസരം നല്‍കുന്നത്.
സ്മിത്ത് നേരത്തെ ഓസ്‌ട്രേലിയയുടെ സ്ഥിരം നായകനായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പ്രതിയായാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ വേദിയായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കളി. കമിന്‍സിന്റെ മാതാവായ മരിയ ഗുരുതരാവസ്ഥയില്‍ വീട്ടിലാണ്. പാലിയേറ്റിവ് കെയറില്‍ കഴിയുന്ന മാതാവിനൊപ്പം തങ്ങാന്‍ അവസരം വേണമെന്ന കമിന്‍സിന്റെ അഭ്യര്‍ത്ഥനയാണ് ടീം മാനിച്ചത്. നായകനായി തുടരാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് സ്മിത്ത് ഇന്‍ഡോര്‍ വിജയത്തിന് ശേഷം പറഞ്ഞിരുന്നു. ഇതിപ്പോള്‍ പാറ്റിന്റെ (കമിന്‍സ്) ടീമാണ്. അദ്ദേഹത്തിന് വ്യക്തിഗതമായി നേരിട്ട പ്രയാസത്തിന്റെ പശ്ചാത്തലത്തില്‍ താല്‍കാലികമായാണ് ഞാന്‍ ടീമിനെ നയിക്കുന്നത്. ഞങ്ങളുടെ പിന്തുണ പാറ്റിനുണ്ട്. ഇന്ത്യക്കെതിരായ പരമ്പര ആവേശകരമാണ്. ചെസ് ഗെയിം പോലെയാണ് കാര്യങ്ങള്‍. ഓരോ കരുനീക്കവും ചെസ്സില്‍ പ്രധാനമെന്നത് പോലെയാണ് ഓരോ പന്തും ഈ പരമ്പരയില്‍ പ്രധാനമാണ്- സ്മിത്ത് പറഞ്ഞു. ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കാനിരിക്കുന്ന മൂന്ന് മല്‍സര ഏകദിന പരമ്പരയിലും സ്മിത്ത് തന്നെ ടീമിനെ നയിക്കാനാണ് സാധ്യത. നിലവില്‍ അദ്ദേഹം ഏകദിന ടീമില്‍ അംഗമല്ല. പക്ഷേ കമിന്‍സ് എത്താത്തപക്ഷം സ്മിത്ത് തന്നെയാവും കപ്പിത്താന്‍.