ആഗ്ര: ഒമ്പതു വര്‍ഷമായി മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയാണ് മസൂദ് അഹ്മദ്. അതീഖുര്‍ റഹ്മാന്‍ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥി. മറ്റൊരാള്‍ ഡ്രൈവര്‍ മുഹമ്മദ് ആലം. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ടതായിരുന്നു അവര്‍. യാത്രയ്ക്കിടെ മഥുരയില്‍ വച്ച് യുപി പൊലീസ് അവരെ തടങ്കലിലാക്കി. പിന്നാലെ ഭീകരക്കുറ്റം ചുമത്തി അറസ്റ്റും. ടൈംസ് ഓഫ് ഇന്ത്യയാണ് നാലു പേരുടെ കുടുംബത്തെ കുറിച്ചുള്ള വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
മലപ്പുറം, ബറൈച്, രാംപൂര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങിലാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. എല്ലാവര്‍ക്കും ചോദിക്കാനുള്ള ഒരേയൊരു ചോദ്യം. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്?
‘ഒരു ബഹളത്തില്‍ പോലും അവനുണ്ടായിരുന്നില്ല. ക്രിമിനല്‍ റെക്കോര്‍ഡുമില്ല. എന്നിട്ടും വേഗത്തില്‍ അവനെതിരെ ഭീകരക്കുറ്റം ചുമത്തിയിരിക്കുന്നു’ – അതീഖിന്റെ സഹോദരന്‍ കര്‍ഷകനായ മതീന്‍ അഹ്മദ് പറയുന്നു. ‘അവന്‍ ഹൃദയരോഗിയാണ്. ഒക്ടോബര്‍ ഒന്നിന് എയിംസില്‍ ചികിത്സയ്ക്കായി പോയിരുന്നു. നാലു ദിവസത്തിന് ശേഷമാണ് അവന്‍ അറസ്റ്റിലായി എന്ന വിളി വരുന്നത്’ – മുസഫര്‍നഗറില്‍ നിന്ന് മതീന്‍ പറയുന്നു.
സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നതും അതു തന്നെ. ‘അദ്ദേഹത്തിന്റെ പ്രമേഹത്തെ ചൊല്ലി എനിക്ക് ഉത്കണ്ഠയുണ്ട്. സമ്മര്‍ദം അതു ഗുരുതരമാക്കും’. ഭര്‍ത്താവ് അറസ്റ്റിലായി എന്ന് ഒരു ദിവസം മുഴുവന്‍ അവര്‍ക്ക് അറിയുമായിരുന്നില്ല. ചൊവ്വാഴ്ച മാത്രമാണ് ചില സുഹൃത്തുക്കള്‍ അതു പറഞ്ഞത്. അദ്ദേഹത്തിനോ ഞങ്ങളുടെ കുടുംബത്തിനോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയച്ചായ്‌വില്ല. മാധ്യമപ്രവര്‍ത്തകന്‍ ആയതു കൊണ്ടു തന്നെ അദ്ദേഹം ഹത്രാസിലേക്ക് പോയത് അതു റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമായിരിക്കും- അവര്‍ പറയുന്നു.
ഹത്രാസിലേക്ക് പോകുകയാണ് എന്ന് താന്‍ അറിഞ്ഞിരുന്നു എങ്കില്‍ മസൂദിനെ പോകാന്‍ സമ്മതിക്കുമായിരുന്നില്ല എന്നാണ് സഹോദരന്‍ മുനീസ് ഖാന്‍ പറയുന്നത്. നോയ്ഡയില്‍ വിദ്യാര്‍ത്ഥിയാണ് മുനീസ്. സഹോദരി വിവാഹിതയായി. പിതാവ് ഷക്കീല്‍ അഹ്മദ് ബറൈച്ചില്‍ ചെറിയ റിപ്പയര്‍ കട നടത്തുന്നു. ‘ഞങ്ങള്‍ പാവങ്ങളാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ല. അവന്‍ ആരോടെങ്കിലും അപമര്യാദയായി പെരുമാറുന്നതു പോലും കണ്ടിട്ടില്ല’ – മുനീസ് പറയുന്നു. ജാമിഅ മില്ലിയ്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് നേടിയ ശേഷം നെറ്റ് പരീക്ഷയും ജയിച്ചിരുന്നു. പിഎച്ച്ഡിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്.
ഡ്രൈവര്‍ ആലമിന്റെ ഉമ്മ നയീം ജഹാന്‍ തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് കുറച്ചു ആളുകള്‍ എത്തിയപ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്. ‘അടുത്ത ദിവസം അവന്റെ ചിത്രങ്ങള്‍ ടിവിയില്‍ വന്നു. അയല്‍വാസികള്‍ ചോദിച്ചു തുടങ്ങി’ – അമ്പതു കാരിയായ അവര്‍ പറഞ്ഞു. നയീമിനും ഭര്‍ത്താവ് ലൈയാക് പെഹല്‍വാനും ബീഡി തെറുപ്പാണ് ജോലി. പത്തു വര്‍ഷം മുമ്പാണ് മകന്‍ ഡല്‍ഹിയിലെത്തിയത്. ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം താമസം അവിടെ തന്നെ. ഇപ്പോള്‍ അവന്‍ എവിടെയാണ് എന്നോ എങ്ങനെയാണ് എന്നോ ഒന്നും അറിയില്ല- അവര്‍ പറഞ്ഞു.
യുപി പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരും ഇപ്പോള്‍ താല്‍ക്കാലിക ജയിലിലാണ്. കോവിഡ് ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍. അതിനു ശേഷം മഥുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റും- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുഎപിഎയിലെ വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഈ ലിങ്കില്‍ വായിക്കാം