മക്ക: ഉംറ തീര്‍ഥാടനത്തിനു വന്നവരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സഊദി. സഊദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം കഴിഞ്ഞ നാലിനാണ് പുനരാരംഭിച്ചത്. നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്. അവരില്‍ ഒരാളിലും വൈറസ് ബാധ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
കോവിഡ് കാരണം കഴിഞ്ഞ മാര്‍ച്ച് പകുതിയോടെ ഉംറ തീര്‍ഥാടനം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഈ ഒക്ടോബര്‍ നാലിനാണ് തീര്‍ഥാടനം പുനരാരംഭിച്ചത്. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് തീര്‍ഥാടനം ആരംഭിച്ചത്.
നിലനിലുള്ളതിന്റെ മുപ്പത് ശതമാനം കപ്പാസിറ്റിയില്‍ മാത്രമേ ഉംറ നിര്‍വഹിക്കാന്‍ നിലവില്‍ അനുവാദമുള്ളൂ. ഇതു പ്രകാരം ഒരു ദിവസം 6,000 പേര്‍ക്കു വരെ പരമാവധി ഉംറ ചെയ്യാം.
വിവിധ ഘട്ടങ്ങളിലായാണ് ഉംറ തീര്‍ഥാടനം നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സഊദി പൗരന്മാര്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അനുമതി. 2021 ജനുവരിയോടെ തീര്‍ഥാടനം പഴയ പടിയിലാക്കുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിക്കുന്നു.