ന്യൂഡല്‍ഹി: 11,360 കോടിയുടെ വായ്പാ തട്ടിപ്പിനു പിന്നാലെ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് തള്ളി. ഇടപാടുകാര്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും പണം നിക്ഷേപിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സുതാര്യവും ശക്തവുമായ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും. 123 വര്‍ഷം കൊണ്ട് നേടിയെടുത്ത സല്‍പേര് തകര്‍ക്കാനുള്ള നീക്കമാണ് തട്ടിപ്പിന് പിന്നില്‍. ഇക്കാലയളവില്‍ ബാങ്ക് പല പ്രതിസന്ധിഘട്ടങ്ങളും നേരിട്ടിട്ടുണ്ട്. ഈ പ്രതിസന്ധിയും മറികടക്കും. പണം നിക്ഷേപിച്ചവര്‍ക്കും ഇടപാടുകാര്‍ക്കും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല-ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജ്‌മെന്റ് ട്വിറ്ററില്‍ വ്യക്തമാക്കി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും യാദൃശ്ചികവുമായ സംഭവമാണിത്. സുതാര്യമായ ഇടപാടുകള്‍ക്ക് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നഷ്ടപ്പെട്ട പണം പണം തിരിച്ചു പിടിക്കുന്നതിനുള്ള കാര്യപ്രാപ്തി ബാങ്കിനുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒരു ശാഖയില്‍ നടന്ന തട്ടിപ്പുമാത്രമാണിത്. ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടതില്ല-ബാങ്ക് വ്യക്തമാക്കി.