ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. പ്രമേയത്തെ പിന്തുണക്കുമെന്ന് എന്‍.ഡി.എ വിട്ട ടി.ഡി.പിയും വ്യക്തമാക്കി. 48 എം.പിമാരുള്ള കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് അറിയിച്ചതോടെ 50 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസപ്രമേയം ലോക്‌സഭയില്‍ ചര്‍ച്ചക്ക് വരുമെന്നുറപ്പായി. ടി.ഡി.പിക്കു ലോക്‌സഭയില്‍ 16 അംഗങ്ങളുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസിനു ഒമ്പത് അംഗങ്ങളും അണ്ണാ ഡി.എം.കെക്ക് 37 അംഗങ്ങളുമാണുള്ളത്. ഇടതുപക്ഷത്തിന് ഒമ്പത് സീറ്റുകളുണ്ട്.
മുസ്ലിംലീഗ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, അണ്ണാ ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയത്തെ പിന്തുണക്കും. ശിവസേനയുടെ നിലപാടാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്. ശിവസേന അവിശ്വാസപ്രമേയത്തെ പിന്തുണച്ചാല്‍ സര്‍ക്കാറിന് തിരിച്ചടിയാവും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്ത് വരുന്നത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കേന്ദ്രം തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് ടി.ഡി.പി എന്‍.ഡി.എ വിട്ടത്.