ഡല്‍ഹി : കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോള്‍ രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.
നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താന്‍ ലോക്ഡൗണ്‍ വേണ്ടിവന്നു. ഇപ്പോള്‍ വിഭവങ്ങളും വാക്‌സീനും നമുക്കുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചും രാത്രി കര്‍ഫ്യു നടപ്പാക്കിയുമുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് വേണ്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ് അദ്ദേഹം പറഞ്ഞു.
സാമൂഹിക പരിഷ്‌കര്‍ത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതല്‍ അംബേദ്കര്‍ ജയന്തിയായ 14 വരെ വാക്‌സീന്‍ ഉത്സവം ആഘോഷിക്കാന്‍ മോദി ആഹ്വാനം ചെയ്തു. പ്രതിരോധ പദ്ധതിക്കു രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണറുമായി ചേര്‍ന്നു സര്‍വകക്ഷി യോഗം വിളിക്കണം. പരിശോധന വര്‍ധിപ്പിക്കാന്‍ പ്രചാരണം നടത്തണം.ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.