ഇ.ഡിയെ പേടിക്കുന്നവരല്ലാതെ മറ്റൊരു ക്രൈസ്തവ വിശ്വാസിയും ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ഹൈബി ഈഡന്‍ എം.പി. ക്രൈസ്തവ സഭകള്‍ക്ക് ബി.ജെ.പിയുടെ ആശയങ്ങളോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ബി.ജെ.പിയുടെ അടിസ്ഥാന തത്വങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസിന്റെ മറ്റു താത്വിക ആചാര്യന്‍മാരും പറഞ്ഞിട്ടുള്ളത് ന്യൂനപക്ഷങ്ങലെ പുറത്താക്കണമെന്നാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കാത്തതെന്നും എന്ത് കൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ പള്ളികള്‍ മാത്രം മണിപ്പൂരില്‍ തകര്‍ക്കപ്പെടുന്നത് എന്നും ഹൈബി ചോദിച്ചു.
‘ ക്രൈസ്തവ സഭകള്‍ക്ക് എങ്ങനെയാണ് ബി.ജെ.പിയുടെ ആശയത്തോട് യോജിക്കാന്‍ സാധിക്കുന്നത്. കാരണം, ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസിന്റെ താത്വികാചാര്യന്‍മാരും പറഞ്ഞിട്ടുള്ളത് ന്യൂനപക്ഷങ്ങളെ പുറത്താക്കണമെന്നും ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കണമെന്നുമാണ്. അതാണ് അവരുടെ അടിസ്ഥാന തത്വം.
കേന്ദ്ര സര്‍ക്കാറിനും, സംസാഥന സര്‍ക്കാറിനും എന്ത് കൊണ്ടാണ് മണിപ്പൂരിലെ കലാപം തടയാന്‍ സാധിക്കാത്തത്. എന്ത് കൊണ്ടാണ് അവിടെ ന്യൂനപക്ഷങ്ങളുടെ ആരാധാനാലയങ്ങള്‍ മാത്രം തകര്‍ക്കപ്പെടുന്നത്. നോര്‍ത്തിന്ത്യയില്‍ ആരാധനാലയങ്ങള്‍ക്ക് പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. ബീഫ് കഴിക്കാനും ഹിജാബ് ധരിക്കാനും സ്വാതന്ത്ര്യമില്ല.
കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇ.ഡിയുടെ സഹായം ആവശ്യമുള്ളവരല്ലാതെ ഒരു ക്രൈസ്തവ വിശ്വാസിയും, ഇസ്‌ലാംമത വിശ്വാസിയും ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന ആളും ബി.ജെ.പിയുമായി സന്ധി ചെയ്തുപോകുമെന്നും അവരടെ ആത്മാഭിമാനം അടിയറവ് വെക്കുമെന്നും തോന്നുന്നില്ല,’ ഹൈബി ഈഡന്‍ പറഞ്ഞു