ഭരണഘടനയെക്കുറിച്ചു താന്‍ പറഞ്ഞതു ശരിയാണെന്നും അതില്‍ ഒരു മാറ്റവും ഇല്ലെന്നും മന്ത്രി സജി ചെറിയാന്‍. ആ പരാമര്‍ശങ്ങള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ അത് അറിഞ്ഞു കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന ഫിഷ് മാര്‍ക്കറ്റിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സജി ചെറിയാന്‍.
പാഠപുസ്തകങ്ങളുടെ തുടക്കത്തില്‍ ഭരണഘടനയുടെ ആമുഖം വരുന്നത് സംബന്ധിച്ച് തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയായാണ് സജി ചെറിയാന്‍ ഇക്കാര്യം വിശദീകരിച്ചത്.
2022 ജൂലൈ മൂന്നിനാണ് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ആയിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് എന്നായിരുന്നു സജി ചെറിയാന്റെ ആരോപണം.
തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ജൂലൈ ആറിന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഭരണകൂടത്തെയാണ് വിമര്‍ശിക്കാന്‍ ശ്രമിച്ചതെന്നും ഭരണഘടനയെന്ന് പറഞ്ഞത് നാക്കുപിഴയാണെന്നും അദ്ദേഹം തുടക്കം മുതല്‍ വാദിക്കുകയും ചെയ്തിരുന്നു.