ന്യൂഡല്‍ഹി : ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ്-പിജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. രണ്ട് ലക്ഷത്തോളം ഉദ്യോഗാർഥികളുടെ കരിയർ അപകടത്തിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയത്. ഇതോടെ ഞായറാഴ്ച തന്നെ പരീക്ഷ നടക്കും.
നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ മുൻകരുതലിൻ്റെ ഭാഗമായി ജൂൺ 23 ന് നടത്താനിരുന്ന ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നേരത്തെ ഒരിക്കല്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ വീണ്ടും പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില വിദ്യാർത്ഥികള്‍ രംഗത്ത് വരികയായിരുന്നു.
പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാർ പ്രധാനമായും സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ജൂലായ് 31-നാണ് പരീക്ഷ നടക്കുന്ന നഗരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയത്.