ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തന്നെ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് കേസിലെ വര്‍ധനവും ഒമിക്രോണ്‍ വ്യാപനവും തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ നടപാക്കിയും പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുമാകും തെരഞ്ഞെടുപ്പ് നടത്തുക.
ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 5 സംസ്ഥാനങ്ങളിലായി 600 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. സ്ത്രീകള്‍ക്ക് എല്ലാ മണ്ഡലങ്ങളിലും പ്രത്യേക പോളിങ് ബൂത്തുകളുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഒമിക്രോണ്‍ പശ്ചാത്തലതില്‍ ആവശ്യമായ സജീകരണങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും കോവിഡിന്റെ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് വളരെ വെല്ലുവിളിയുള്ളകാര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കമ്മീഷന്‍ ഓര്‍മപ്പെടുത്തി. വോട്ടര്‍മാരുടെ സുരക്ഷക്കായി 2,15,368 പോളിങ് സ്‌റ്റേഷനുകള്‍ അഞ്ച് സംസ്ഥാനങ്ങളിലായി തയാറാക്കുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു. 18.34 കോടി വോട്ടര്‍മാരാണ് ഉള്ളതെന്നും അതില്‍ 24.5 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടെന്നും വ്യക്തമാക്കി.