കോഴിക്കോട് : പ്ലസ് വണ്‍ അഡ്മിഷന്റെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാറിന്റെ ആറു ജില്ലകളിലായി 43,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിച്ചിട്ടില്ല. മതിയായ മാര്‍ക്ക് ലഭിച്ചിട്ടും അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി നിയമപോരാട്ടം നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഇതിനായി സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ അഡ്മിഷന്‍ കിട്ടാത്തവരുടെയും, എവിടേയും അഡ്മിഷന്‍ ലഭിക്കാത്തവരുടെയും ഇഷ്ടപ്പെട്ട കോഴ്‌സിന് അവസരം ലഭിക്കാത്തവരുടെയും വിവരശേഖരണം ഗൂഗിള്‍ ഫോം വഴി നടത്തും.
എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസും മറ്റ് ഉന്നത വിജയം നേടിയവര്‍ക്ക് പോലും ഇഷ്ടപ്പെട്ട കോഴ്‌സിലോ സ്‌കൂളിലോ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രയാസപ്പെട്ട് പഠിച്ച് പരീക്ഷ പാസായിട്ടും ഉപരിപഠനത്തിന് അവസരമില്ലാതെ നെട്ടോട്ടമോടുകയാണ് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വലിയ ഫീസ് നല്‍കി സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ സാധിക്കാത്തവരാണ്. ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി നേരത്തേ തന്നെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും തയ്യാറായിട്ടില്ലയെന്ന് നേതാക്കള്‍ തുടര്‍ന്നു.
ഈ സാഹചര്യത്തിലാണ് ഉപരിപഠനത്തിന് അവസരം നിഷേധിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതെന്ന് മുനവ്വറലി തങ്ങളും ഫിറോസും കൂട്ടിച്ചേര്‍ത്തു.