തെറ്റായ രോഗ നിര്‍ണ്ണയം നടത്തി കീമോ ചെയ്ത യുവതിക്ക് ക്യാന്‍സറില്ലെന്ന് അന്തിമ റിപ്പോര്‍ട്ട് നീക്കം ചെയ്ത മാറിടത്തിലുണ്ടായ മുഴയുടെ ബയോപ്‌സി പരിശോധനയിലും ക്യാന്‍സറില്ല. കുടശനാട് സ്വദേശിനിയായ രജനിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പി നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലെ പതോളജി ലാബിലെ പരിശോധനാ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ഡയനോവ എന്ന് പേരുള്ള സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രജനിയ്ക്ക് കീമോ തെറാപ്പി ചെയ്തത്. മാറിടത്തിലുണ്ടായ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്‌ക്കെത്തിയത്.
ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയിലും പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല.
അസുഖത്തെ തുടര്‍ന്ന് വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രജനിയുടെ ജോലി നഷ്ടമായി. കുടുംബത്തിന്റെ വരുമാനമാര്‍ഗവും വഴി മുട്ടി. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും യുവതി നേരിടുന്നുണ്ട്. മുടിമുഴുവന്‍ പൊഴിഞ്ഞു പോയി. ശരീരമാകെ കരിവാളിച്ച നിലയിലാണ്.
എന്നാല്‍ ക്യാന്‍സറിന്റെ തുടക്ക സ്‌റ്റേജ് പരിശോധനയില്‍ കണ്ടെത്തിയെന്നും തുടര്‍ ചികിത്സയില്‍ ഭേദമായതാകാമെന്നുമാണ് ഡയനോവ ലാബിന്റെ വിചിത്ര ന്യായീകരണം.