X

സൈനികരുടെ മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍; വിശദീകരണവുമായി സൈന്യം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഐ.എ.എഫ്.എം.ഐ17 ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച സൈനികരുടെ മൃതദേഹങ്ങളോട് അനാദരവ്. മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കിയാണ് സൈനിക കേന്ദ്രങ്ങളിലേക്കയച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമാവുകയും ചെയ്തു.

സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് റിട്ട.ലെഫ് ജനറല്‍ എച്ച്.എസ് പനാഗ് രംഗത്തെത്തുകയായിരുന്നു. ‘മാതൃരാജ്യത്തെ സേവിക്കാന്‍ ഇന്നലെ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’; ഇതായിരുന്നു പനാഗിന്റെ ട്വീറ്റ്. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി സൈന്യം രംഗത്തെത്തി. മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിക്കാതെ വന്നപ്പോഴാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക ആസ്ഥാനത്തെത്തിച്ചതെന്നാണ് അവരുടെ വിശദീകരണം. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നത് കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണമെന്ന് സൈന്യം പറയുന്നു.

സംഭവത്തില്‍ വിമര്‍ശനം കടുത്തതോടെ ഖേദവുമായി സൈന്യം രംഗത്തെത്തി. നടന്നത് ചട്ടവിരുദ്ധമാണെന്ന് ഔദ്യോഗികമായി അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഉറപ്പുവരുത്തും. എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

chandrika: