X

കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ കുടിവെള്ളം മുട്ടിക്കുമെന്ന് ബി.ജെ.പി മന്ത്രിയുടെ ഭീഷണി

കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ കുടിവെള്ളം മുട്ടിക്കുമെന്ന് ബി.ജെ.പി  മന്ത്രിയുടെ ഭീഷണി. ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറാസ് മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ കുടിവെള്ളം മുട്ടിക്കുമെന്ന ഭീഷണി മധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി യശോധര രാജെ സിന്ധ്യ മുഴക്കിയത്.

‘നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രി ഞാനായത് കൊണ്ട് നിങ്ങളുടെ കാര്യം സംസാരിക്കാന്‍ വന്നാല്‍ ഞാന്‍ പരിഗണിക്കുകയില്ല. എന്റെ വകുപ്പ് അയാളെ സഹായിക്കുകയില്ല’ മന്ത്രി പറഞ്ഞു. കോലറാസ് മണ്ഡലത്തിലുള്ളവര്‍ക്ക് വെള്ളം കിട്ടാത്തതെന്താണെന്ന് വോട്ടര്‍മാരിലൊരാള്‍ ചോദിച്ചപ്പോള്‍ കൈയ്ക്ക് വോട്ടു ചെയ്യുന്നത് അവസാനിപ്പിച്ചാല്‍ നല്‍കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

‘രണ്ടു തവണ നിങ്ങള്‍ കൈ ചിഹ്നത്തിന് വോട്ടുചെയ്തു. എത്ര തവണ നിങ്ങള്‍ കൈയ്ക്ക് വോട്ട് ചെയ്ത് വെള്ളം ഇല്ലാതെ ജീവിക്കും. ഗ്യാസ് സ്റ്റൗ നല്‍കുന്നത് പോലെയുള്ള പദ്ധതികളുണ്ട്. ബി.ജെ.പിയുടെ പദ്ധതിയാണിത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്കത് ലഭിക്കില്ല’ മന്ത്രി പറഞ്ഞു.

അതേ സമയം മന്ത്രി യശോധര രാജെ സിന്ധ്യയുടേത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കൊലരസ് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണത്തിലാണ് യശോധര വിവാദ പരാമര്‍ശം നടത്തിയത്. കോലരസ് ഉപതിരഞ്ഞെടുപ്പ് ബി.ജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്.

കോലരസ്, മുംഗോളി നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസും ബിജെപിയും കൊണ്ടു പിടിച്ച പ്രചരണത്തിലാണ്.

chandrika: