X

രാജ്യത്ത് ബീഫ് നിരോധിക്കില്ല: അമിത് ഷാ

കൊച്ചി: ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന എന്‍.ഡി.എ ഘടക കക്ഷികളുടെ പരാതികള്‍ക്ക് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചിയിലെ യോഗത്തിലും പരിഹാരമായില്ല.

സ്ഥാനങ്ങള്‍ ലഭിക്കാന്‍ താമസം നേരിടുന്നത് സംബന്ധിച്ച പരാതികള്‍ അമിത് ഷായെ ബോധിപ്പിച്ച ഘടക കക്ഷി നേതാക്കള്‍ ഇനിയും ഇത് നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി യോഗങ്ങളില്‍ നേതാക്കളും അണികളും ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു. ഒന്നുകില്‍ തരും അല്ലെങ്കില്‍ ഇല്ല എന്നു തീര്‍ത്തു പറയുക അതല്ലാതെ വാഗ്ദാനങ്ങളില്‍ മാത്രം കാര്യമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്നും ഡല്‍ഹിയില്‍ എത്തിയതിനു ശേഷം എല്ലാം ശരിയാക്കാമെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.
സംസ്ഥാന സര്‍ക്കാരിനെതിരെ ഇനി എന്‍ഡിഎ എന്ന പേരില്‍ മാത്രം പ്രക്ഷോഭം നടത്താനും അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ധാരണയിലെത്തി. ഘടകക്ഷികള്‍ ഒരോരുത്തരും പ്രത്യേകം രീതിയില്‍ പ്രക്ഷോഭം നടത്തുന്നതിനേക്കാള്‍ നല്ലത് എന്‍ഡിഎ എന്ന പേരില്‍ നടത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ തീരുമാനത്തിലെത്തിയത്.കേരളത്തില്‍ മൂന്നു വട്ടമായി നടത്തിയ സര്‍വേയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ ലഭിക്കുമെന്നാണ് വിലയിരുത്തലെന്ന് അമിത് ഷാ യോഗത്തില്‍ അറിയിച്ചു. ബീഫ് നിരോധിച്ചെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപെടുത്താന്‍ വീടുകള്‍ തോറും കയറി ഇറങ്ങി പ്രചാരണം നടത്തണമെന്നും അമിത് ഷാ യോഗത്തില്‍ നിര്‍ദേശിച്ചു. മറ്റു സംസ്ഥാനങ്ങളിലെ മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വിജിയിക്കാന്‍ കഴിയും. 15 ശതമാനം വോട്ടു നേടാന്‍ കഴിഞ്ഞിട്ടുളള സംസ്ഥാനങ്ങളില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ചരിത്രമുണ്ട്. അത് കേരളത്തിലും നടപ്പിലാകും. ത്രിപുരയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം കഴിയുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടും. കോണ്‍ഗ്രസിനും ഇനി ഇന്ത്യയില്‍ സ്ഥാനമുണ്ടാകില്ലെന്ന് പറഞ്ഞ അമിത് ഷാ കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ മുന്നോട്ടു വെച്ചു. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുമായും വൈകിട്ട് അമിത്ഷാ ചര്‍ച്ച നടത്തി.

chandrika: