X

‘മദ്‌റസ വിദ്യാർഥികൾക്ക് അവാർഡില്ല, വേണ്ടവർ സഊദിയിലേക്ക് പോകൂ’; യു.പി ബി.ജെ.പി നേതാവ്

മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡില്ലെന്നും അങ്ങനെ വേണ്ടവര്‍ സഊദി അറേബ്യയിലേക്ക് പോകൂ എന്നും യു.പിയിലെ ബി.ജെ.പി നേതാവ്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ മൊഹ്സിന്‍ റാസയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. സംസ്‌കൃതം, സ്റ്റേറ്റ് ബോര്‍ഡ് സ്‌കൂളുകളില്‍ ഉന്നതവിജയം നേടിയവരെപ്പോലെ മദ്‌റസ ബോര്‍ഡ് പരീക്ഷകളില്‍ മികവ് പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ആദരിച്ചില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു നേതാവിന്റെ പ്രതികരണം.

മദ്‌റസ വിദ്യാര്‍ഥികളെ അവഗണിച്ചതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും എല്ലാ മതങ്ങള്‍ക്കും തുല്യ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

‘സംസ്‌കൃത സ്‌കൂളുകളിലെയും യു.പി ബോര്‍ഡ് സ്‌കൂളുകളിലെയും മികച്ച കുട്ടികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ആദരിക്കുകയും ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സര്‍ക്കാര്‍ എന്തുകൊണ്ട് മദ്രസാ ബോര്‍ഡിലെ കുട്ടികളെ ആദരിക്കുന്നില്ല? അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയില്ല?’- സേലംപൂര്‍ എം.പിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ രമാശങ്കര്‍ രാജ്ഭര്‍ ചോദിച്ചു.

ഭരണഘടന എല്ലാ മതങ്ങളെയും ഭാഷകളേയും സംരക്ഷിക്കുന്നുവെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ സംരക്ഷണം ലഭിക്കണമെന്നും കോണ്‍ഗ്രസ് രാജ്യസഭാ എം.പി പ്രമോദ് തിവാരി പറഞ്ഞു. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാവ് മൊഹ്സിന്‍ റാസ, മതവിദ്യാഭ്യാസത്തിലെ പുരോഗതിക്ക് അവാര്‍ഡുകളൊന്നും നല്‍കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ‘അങ്ങനെ അവാര്‍ഡുകള്‍ വല്ലതും വേണമെങ്കില്‍ സഊദി അറേബ്യയിലേക്ക് പോയ്‌ക്കൊള്ളൂ. അവാര്‍ഡ് അവിടെ കിട്ടും’- മുന്‍ ന്യൂനപക്ഷക്ഷേമ മന്ത്രിയായ റാസ പറഞ്ഞു. ഇതാണ് വിവാദമായിരിക്കുന്നത്.

യു.പി ബോര്‍ഡിന്റെ 10-ാം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കുമെന്ന് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യു.പി ബോര്‍ഡ് ഓഫ് സെക്കന്‍ഡറി സംസ്‌കൃത വിദ്യാഭ്യാസ കൗണ്‍സില്‍, സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും ആദരിക്കും. 4.73 കോടി രൂപയാണ് അവാര്‍ഡുകള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

അംഗീകാരമില്ലാത്ത മദ്‌റസകളിലെ എല്ലാ വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ എയ്ഡഡ് മദ്രസകളില്‍ പഠിക്കുന്ന മുസ്ലിമേതര വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

 

webdesk13: