X

സ്‌കൂള്‍ സമയം മാറ്റില്ല

തിരുവനന്തപുരം: സ്‌കൂള്‍ പഠന സമയം മാറ്റാന്‍ ആലോചനയില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിവിധ തലങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും അദ്ദേഹം നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി.

സ്‌കൂള്‍ പഠനസമയത്തില്‍ മാറ്റം വരുത്തരുതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ അധ്യയന വര്‍ഷം മുതല്‍ രാവിലെ നേരത്തെ ക്ലാസ് ആരംഭിച്ച് ഉച്ചക്കു ശേഷം ക്ലാസ് അവസാനിപ്പിക്കുന്ന രീതിയിലുള്ള പരിഷ്‌കാരം നടത്താനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.
ചില അധ്യാപക സംഘടനകളും വിദ്യാഭ്യാസ ഉന്നതാധികാര സമിതിയും ബാലാവകാശ കമ്മീഷനും സ്‌കൂള്‍ സമയമാറ്റം വേണമെന്ന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയ മാറ്റം ആലോചിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളുടെ പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും നിലവിലുള്ള സമയത്തിലെ മാറ്റം 15 ലക്ഷം വിദ്യാര്‍ഥികളുടെ മദ്രസ പഠനത്തെ സാരമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്തു നടന്ന നീറ്റ് പരീക്ഷയിലെ ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിക്ക് വിദ്യാഭ്യാസ വകുപ്പ് കത്ത് അയച്ചതായും മന്ത്രി അറിയിച്ചു. സുപ്രീം കോടതി ഏകീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളൂ എന്ന് ഉത്തരവിട്ടിരിക്കുന്നതിനാല്‍ പരീക്ഷാ നടത്തിപ്പ്് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറെ ഏല്‍പ്പിക്കണമെന്ന്് ആവശ്യപ്പെടാന്‍ സാധിക്കില്ല. എല്ലാ പരീക്ഷകളും ആധുനികവല്‍കരിക്കും. ചോദ്യ ബാങ്ക് തയാറാക്കും.
ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ നിയമനം ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ്. 2015-16, 2016-17 കാലത്ത് തസ്തിക നിര്‍ണയം നടത്തിയിട്ടുണ്ട്. പാഠപുസ്തകത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. അങ്കണവാടികള്‍ പ്രീ പ്രൈമറികളാക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചനടക്കേണ്ടതുണ്ട്്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ വിജിലന്‍സിനെ കൊണ്ട്് വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ പരിശോധിച്ച് പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ കുറവു മൂലം തസ്തിക നഷ്ടപ്പെട്ട 3,737 ജീവനക്കാരുണ്ട്.
സ്‌കൂളുകളിലെ പ്രാര്‍ത്ഥനാ ഗാനം ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനാകില്ല. ‘മനസ്സു നന്നാകട്ടേ’ എന്ന ഗാനം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും ഇക്കാര്യത്തില്‍ ഒന്നിച്ചു വരണം. അല്ലെങ്കില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരിച്ചടിയാകുമെന്നും എ.എം ആരിഫ്, കെ.ദാസന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ വിജയന്‍ പിള്ള, രമേശ് ചെന്നിത്തല, ടി.വി ഇബ്രാഹിം, വി ജോയി തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

chandrika: