കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും അതേസമയം കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക് മുന്‍പോട്ട് പോകാം എന്നും കമ്മീഷണര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം സുപ്രീംകോടതി വ്യക്തമാക്കി. ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും കോടതി അറിയിച്ചു.
അതേസമയം ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതീയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു.
മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസെന്ന് മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാന്‍ രാജ്യത്തെ കോടിക്കണക്കായ ആളുകള്‍ക്കുവേണ്ടിയാണ്. ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റേത് കൂടിയാണെന്ന് മമതാ ബാനര്‍ജി.എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു. പരസ്പര ബഹുമാനമാണ് വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത ബാനര്‍ജി. സിബിഐക്ക് മുന്നില്‍ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും മമതാ ബാനര്‍ജി വിശദീകരിച്ചു.