നിയമനം ലഭിച്ചില്ല; ആശമാര്‍ക്ക് പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാരും നിരാഹാര സമരത്തിലേക്ക്

ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ പ്രതിഷേധത്തിനു പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 30% ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. ഈ പശ്ചാത്തലത്തിലാണ് ഏപ്രില്‍ 2 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്താന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചത്.

സിപിഒ റാങ്ക് ലിസ്റ്റിലുള്ള 967 വനിതാ ഉദ്യോഗാര്‍ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിച്ചുള്ളത്. ലിസ്റ്റ് വന്ന് 8 മാസത്തിനു ശേഷമാണ് ആദ്യ ബാച്ച് ജോലിയില്‍ പ്രവേശിച്ചതെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ രണ്ട് മുതല്‍ നിരാഹാരത്തിലേക്ക് ഇവര്‍ കടക്കുന്നത്. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സിപിഒമാര്‍ ആവശ്യമാണ്, എന്നാല്‍ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളില്‍ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ല.

പൊലീസ് സേനയിലെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിച്ചിരുന്നു. ഉയര്‍ന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

webdesk18:
whatsapp
line