X

മാപ്പുപറഞ്ഞില്ലെന്ന് സഭയില്‍ മുഖ്യമന്ത്രി; സുപ്രീം കോടതിയില്‍ മാപ്പ് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇതേ വിഷയത്തില്‍ നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍.

വെറും അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാട് കൈക്കൊണ്ടത്. സെന്‍കുമാര്‍ കേസില്‍ മാസങ്ങളായി തുടരുന്ന നിയമപോരാട്ടം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. വിധി നടപ്പാക്കാന്‍ വൈകിയെന്നാരോപിച്ച് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ കേസില്‍ കൂടുതല്‍ തിരിച്ചടികള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാറിന്റെ നീക്കം.
സുപ്രീം കോടതി നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സെന്‍കുമാറിന്റെ പദവിയിലെ അവ്യക്തത കാരണമാണ് ഉത്തരവ് നടപ്പാക്കാന്‍ വൈകിയതെന്നും അല്ലാതെ കോടതി ഉത്തരവ് മനപൂര്‍വം അവഗണിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതിനാല്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോവരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
സെന്‍കുമാര്‍ പൊലീസ് മേധാവിയായിരുന്നില്ലെന്നും പൊലീസ് വകുപ്പിന്റെ തലവനായിരുന്നുവെന്നുമുള്ള (ഹെഡ് ഒഫ് പൊലീസ് ഫോഴ്‌സ്) ന്യായമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, സുപ്രീംകോടതി ഈ വാദം തള്ളിയതോടെ മാപ്പപേക്ഷയല്ലാതെ സര്‍ക്കാറിന് വേറെ വഴിയില്ലാതായി. ഉത്തരവ് നടപ്പാക്കാതിരുന്നതിന് ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ നിസാരമായി കാണരുതെന്ന് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാറിന് നേരത്തെ ഉപദേശം നല്‍കിയിരുന്നു.
അതിനിടെ, സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നത് സംബന്ധിച്ചുള്ള വിധി നടപ്പാക്കാന്‍ കാലതാമസം ഉണ്ടായതിന്റെ പേരില്‍ സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാറിന് അനുകൂലമായ വിധിയാണുണ്ടായത്. പിന്നീട് ഹൈക്കോടതിയുടെ വിധിയും സര്‍ക്കാറിന് അനുകൂലമായിരുന്നു. ഇതിനെതിരെയാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു.
സുപ്രീംകോടതി വിധി അന്തിമമാണെന്ന് ആയിരുന്നു സഭക്ക് അകത്തും പുറത്തും സര്‍ക്കാര്‍ വ്യക്തമാക്കിയത്. വിധി നടപ്പാക്കുന്നതിനുള്ള മേല്‍നടപടിക്കായാണ് സര്‍ക്കാര്‍ നിയമവകുപ്പ് സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം തേടിയത്. സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനും പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനുമുള്ള നിയമോപദേശമാണ് എ.ജി നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തത് നിയമപരമായ നടപടി മാത്രമായിരുന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ മനഃപൂര്‍വമായ കാലതാമസം വരുത്തിയിട്ടില്ല.
സെന്‍കുമാര്‍ സ്ഥാനമേറ്റതിനാല്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് പ്രാധാന്യമില്ല. ഇന്ന് ഇതുസംബന്ധിച്ചുള്ള കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

chandrika: