X

കോണ്‍ഗ്രസിനൊപ്പം ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടുമെന്ന് ജെഡിഎസ്

കര്‍ണാടകയില്‍ അധികാരം നഷ്ടമായി നാലു ദിവസം പിന്നിടുമ്പോഴേക്കും ജെ.ഡി.എസില്‍ രൂപപ്പെട്ട കടുത്ത ഭിന്നതക്ക് വിരാമം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപിച്ച് ജനതാദള്‍ എസ് രംഗത്തെത്തി. ജെഡിഎസ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എച്ച് ഡി ദേവഗൗഡയും എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയത്. ബിജെപിക്കൊപ്പം നില്‍ക്കുകയെന്നാല്‍ ജനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുക എന്നതാണെന്നു പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്ന് അഭിപ്രായപ്പെട്ടതായി മുതിര്‍ന്ന നേതാവ് ജി ടി ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ സ്വാഗതം ചെയ്ത ബിജെപി, ജെഡിഎസ് ഔദ്യോഗികമായി പിന്തുണ അറിയിച്ചാല്‍ പരിഗണിക്കമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസിന്റെ പ്രസ്താവന.

കുമാരസ്വാമി സര്‍ക്കാറിനെ മറിച്ചിട്ട യെദിയൂരപ്പ നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാറിനെ പുറത്ത് നിന്നും പിന്തുണക്കണമെന്നായിരുന്നു ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാരുടെ ആവശ്യം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി കുമാരസ്വാമിയെ നിയോഗിച്ചതായി മുന്‍മന്ത്രി ജി.ടി ദേവഗൗഡ തന്നെ അറിയിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അടുത്ത നടപടി എന്തെന്ന് ചര്‍ച്ച ചെയ്യുന്നതിനായി കുമാരസ്വാമി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഒരു വിഭാഗം എം.എല്‍.എമാര്‍ ബി.ജെ.പി സര്‍ക്കാറിനെ പിന്തുണക്കണമെന്ന് ആവശ്യമുന്നയിച്ചത്.

അതേ സമയം ബി.ജെ.പിയെ ശക്തമായി നേരിടുമെന്നും ഒരു തരത്തിലും യെദിയൂരപ്പ സര്‍ക്കാറിനെ പിന്തുണക്കില്ലെന്നും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കിടയില്‍ ഭിന്നതയില്ലെന്നും കോണ്‍ഗ്രസിനൊപ്പം ഒരുമിച്ച് നിന്ന് ബി.ജെ.പി സര്‍ക്കാറിനെ നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസ വോട്ട് തേടുന്നത്. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നിനു വിധാന്‍ സൗധയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിസഭാ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കുമെന്നാണു കരുതുന്നത്. വിശ്വാസവോട്ട് തേടുന്നതിനോടൊപ്പം നിലവിലെ സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടു വരാനും ബിജെപി ആലോചിക്കുന്നുണ്ട്.

chandrika: