ന്യൂഡല്‍ഹി: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) വേണമെന്ന കേരളത്തിന്റെ ആവശ്യം ഇത്തവണയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് എയിംസുകള്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനും ജാര്‍ഖണ്ഡിനുമാണ് നല്‍കിയത്. ഏറെക്കാലമായി കേരളം എയിംസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
എയിംസ് സ്ഥാപിക്കാനായി നാല് സ്ഥലങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്രം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കേരളത്തിന്റെ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തി റിപ്പോര്‍ട്ട് പുതുക്കി നല്‍കിയിട്ടും അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ അതേക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. യു.ഡി.എഫ് ഭരണകാലത്താണ് എയിംസ് സ്ഥാ പിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി സം സ്ഥാനം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
കേരളത്തിനൊപ്പം അപേക്ഷ നല്‍കിയ മഹാരാഷ്ട്ര, ആ ന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടുത്തുള്ള നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയില്‍ പരിസരം, കോഴിക്കോട്ടെ കിനാലൂര്‍, കോട്ടയം, എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 123.5 ഏക്കര്‍ സ്ഥലം എന്നിവയാണ് കേരളം നിര്‍ദേശിച്ചത്. രേഖാമൂലം അറിയിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് തുടര്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. സ്ഥലം സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.