തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ വായ്പാസംഘങ്ങളുടെ പ്രവർത്തനം സജീവമായി തുടരുന്നതായി റിപ്പോർട്ട്. സാധാരണക്കാരെ അടക്കം നിരവധി പേരെ വിരട്ടിയും അപമാനിച്ചും പ്രവർത്തിക്കുന്ന ഓൺലൈൻ സംഘം ഭീഷണിപ്പെടുത്തുന്നതായും വാർത്തകൾ പുറത്ത് വരുന്നു. ഓൺലൈൻ വായ്പാ ആപ്പുകളെ നിലക്കു നിർത്തുമെന്ന ഡി ജി പി യുടെ പ്രഖ്യാപനം ഉണ്ടെങ്കിലും ഇതൊന്നും മേഖലയിലെ സംഘങ്ങളുടെ പ്രവർത്തനത്തിന് കുറവുണ്ടാക്കിയിട്ടില്ല. ലോക്‌നാഥ് ബെഹ്‌റയുടെ വാഗ്ദാനം വിശ്വസിച്ച് പരാതികളുമായി ദിവസവും നിരവധി പേരാണ് പൊലീസ് സ്റ്റേഷനുകളിലെത്തുന്നത്. എന്നാൽ വ്യക്തമായ മറുപടി പറയാൻ പോലും പൊലീസിന് കഴിയുന്നില്ല. ഏതു നിയമംവച്ച് കേസെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന ആക്ഷേപവുമുണ്ട്. ഇത് പൊലീസുകാർക്കും തലവേദനയായി. അതിനിടെ ഭീഷണികളുമായി വായ്പാസംഘങ്ങൾ സജീവമാകാൻ തുടങ്ങിയിരിക്കുകയാണ്.
ഈടൊന്നും ഇല്ലാതെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അപേക്ഷിച്ച് വായ്പ നൽകുന്ന സംവിധാനം നിയമവിരുദ്ധമാണെന്നും അതിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് മേധാവി പറഞ്ഞത്. സ്ത്രീകളെ പോലും ഫോണിലൂടെ തെറി പറഞ്ഞ് അപമാനിക്കുകയും വിരട്ടുകയും ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പരാതിയുമായി പൊലീസ് സ്റ്റേഷനുകളിലേക്ക് പോയവർക്ക് നീതി ലഭിക്കുന്നില്ലെന്നാണ് പരാതി.
വലിയ രീതിയിൽ ഭീഷണി നേരിടുന്നവർ പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധവും ശക്തമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ വരെ ദുരുപയോഗം ചെയ്തുവരുന്നതായും പരാതിയുണ്ട്. ഇക്കാര്യത്തിൽ പോലും നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് ആക്ഷേപമുള്ളത്. പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് ഇത്തരം ശക്തികൾ പിടിമുറുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.