ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ദ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. എഴുപത്തി അഞ്ച് വര്‍ഷത്തെ മഹിതമായ രാഷ്ട്രീയ പാരമ്പര്യമുണ്ട് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്. ലീഗ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം വ്യക്തമാണ്. അതിനകത്ത് ഹിഡണ്‍ അജണ്ടകളില്ല. അത് അംഗീകരിക്കുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുക. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി നല്‍കേണ്ടതോ, സമ്മര്‍ദ്ധത്തിന് വഴങ്ങി സ്വീകരിക്കേണ്ടതോ അല്ല മെമ്പര്‍ഷിപ്പ്. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ ആശയവും ആദര്‍ശവും, നയപരിപാടികളും നിലപാടുകളും, ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും അംഗീകരിക്കാന്‍ കഴിയുന്ന ജനാധിപത്യ വിശ്വാസികള്‍ക്കുള്ളതാണ് പാര്‍ട്ടി അംഗത്വം അദ്ദേഹം പറഞ്ഞു.
ഏഴരപ്പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ കുതിപ്പും കിതപ്പുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയമായി ചേര്‍ത്തു നിര്‍ത്തലിനും മുഖ്യധാരയില്‍ അംഗീകരിക്കപ്പെടുന്നതിനും മുമ്പ് മാറ്റി നിര്‍ത്തലിന്റേയും ഒറ്റപ്പെടുത്തലിന്റേയും അനുഭവ ചരിത്രവുമുണ്ട് ലീഗിന്. കേരളത്തിലെ പ്രധാനപ്പെട്ട ജനാധിപത്യ രാഷ്ട്രീയ സംഘടനകളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. നിയമസഭകളിലും പാര്‍ലമെന്റിലും പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാരുമുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം നടന്ന എല്ലാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും അംഗങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയിലെത്തിയവരിലും മുസ്‌ലിം ലീഗുകാരായ അംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ മതേതര ചേരിക്ക് ശക്തി പകരാനുള്ള പ്രവര്‍ത്തനത്തിന്റെ കൂടി ചരിത്രമാണ് പ്ലാറ്റിനം ജൂബിലിയില്‍ എത്തി നില്‍ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനുള്ളത്. രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനം, കാരുണ്യ പ്രവര്‍ത്തനം, സമുദായ ഐക്യവും സഹോദര സമുദായങ്ങളോട് സാഹോദര്യ ബന്ധവും നിലനിര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ എന്നിവക്കും ലീഗ് നേതൃത്വം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിനും മുന്നേറ്റങ്ങള്‍ക്കും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നതിനും നിയമ നിര്‍മാണ സഭകള്‍ക്കുള്ളിലും പുറത്തും പോരാട്ടം നടത്തി. ഒന്നാം ലോക്‌സഭയില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് ചര്‍ച്ചയില്‍ ന്യൂനപക്ഷ ശബ്ദമായി സഭയില്‍ ബി.പോക്കര്‍ സാഹിബിന്റെ പോരാട്ടം മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഭയില്‍ മുസ്‌ലിം ലീഗ് പ്രതിനിധികള്‍ നടത്തിയ പോരാട്ടവും അനന്തരം സഭക്ക് പുറത്ത് ജനകീയ സമരത്തിനു നേതൃത്വം നല്‍കിയതും നീതി പീഠത്തിനു മുന്നില്‍ പരാതി ബോധിപ്പിച്ച നിയമ പോരാട്ടവും തുടങ്ങി ദേശീയ തലത്തില്‍ നീണ്ടു കിടക്കുന്ന സമര പോരാട്ടങ്ങളുമുണ്ട്. കേരളത്തില്‍ നിയമസഭക്കകത്ത് ന്യൂനപക്ഷ സംവരണത്തിനും, ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി ഒന്നാം സഭയില്‍ തന്നെ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് ആരംഭിച്ച പോരാട്ടം ഭാഷാസമരത്തിലൂടെ അവസാനം വഖഫ് നിയമ ഭേദഗതിക്കെതിരെ സഭക്കകത്തും പുറത്തും നടത്തിയ സമരങ്ങള്‍ തുടങ്ങിയവല്ലെം അവകാശ സമരത്തിന്റെ ആവേശകരമായ ചരിത്രത്തിന്റെ ഭാഗമാണ്. വര്‍ത്തമാനത്തിന്റെ ഈ സമ്പന്നതയില്‍ ജീവിതം സമര്‍പ്പിച്ച് കടന്നു പോയ ചരിത്രത്തിലെ നേതാക്കളേയും പ്രവര്‍ത്തകരേയും ആദരവോടെ ഓര്‍ക്കുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദര്‍ശ വഴിയില്‍ ജീവന്‍ സമര്‍പ്പിച്ച നിരവധി രക്തസാക്ഷികളുമുണ്ട്. മൈലപ്പുറത്തെ അബ്ദുല്‍ മജീദും, തേഞ്ഞിപ്പലത്തെ അബ്ദുല്‍ റഹിമാനും കാളികാവിലെ അബ്ദുള്ള എന്ന കുഞ്ഞിപ്പയും അവകാശ സമരഭൂമിയിലെ ധീര രക്തസാക്ഷികളാണ്. അവരുടെ ഓര്‍മകള്‍ കര്‍മരംഗം സജീവമാക്കുകയും പ്രാര്‍ത്ഥനകളായി മാറുകയും ചെയ്യുന്നു. സമ്പന്നമായൊരു പൈതൃകത്തിന്റെ തണലുണ്ട് ലീഗിന്. അവകാശബോധവും ബാധ്യതാ ബോധവും സമൂഹത്തെ ബോധ്യപ്പെടുത്തിയ കാലം കൂടിയാണ് കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട്. പരീക്ഷണങ്ങളുടേതാണെകിലും പ്രതീക്ഷകളുടേതു കൂടിയാണ് പുതിയ കാലം. കാലത്തിന്റെ വേഗതയറിഞ്ഞ് ആദര്‍ശത്തിന്റെ മൂല്യം ചോരാതെ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളില്‍ ഉറച്ചു നിന്ന് ഇന്നലെകളില്‍ പരിഷ്‌ക്കരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ കാലത്തും പുതിയ കാല്‍വെപ്പുകളും കാലോചിത ആലോചനകളും, ചര്‍ച്ചകളും സജീവമാണ്. പാര്‍ട്ടിയുടെ പ്രയാണത്തില്‍ നല്ല മനസുകളുടെ അഭിപ്രായവും സ്വീകാര്യമാണ്. കാറ്റ് കേറാത്ത നിഗൂഢതകളുടെ ഇരുമ്പുമറയല്ല മുസ്‌ലിം ലീഗ് രാഷ്ട്രീയം. മുസ്‌ലിം ലീഗ് ഒരു തുറന്ന പുസ്തകമാണ്, വായിക്കേണ്ടവര്‍ വെളിച്ചത്തിലേക്ക് വരൂ അദ്ദേഹം വ്യക്തമാക്കി.