X

വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; ‘ ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദത്തില്‍; സൈബര്‍ ആക്രമണവുമായി സിപിഎം

കൊച്ചി: ഇന്ന് തിയറ്ററുകളിലെത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ന്റെ പോസ്റ്റര്‍ പരസ്യം വിവാദത്തില്‍. പോസ്റ്ററിനെതിരെ സൈബര്‍ ആക്രമണവുമായി സിപിഎം അനുഭാവികള്‍ രംഗത്തുവന്നു. ദിനപ്പത്രങ്ങളില്‍ ഉള്‍പ്പെടെ നല്‍കിയ പരസ്യത്തില്‍ വന്ന പരസ്യ വാചകത്തെച്ചൊല്ലിയാണ് തര്‍ക്കം. ‘ തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് തിരിതെളിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമര്‍ശകരുടെ വാദം. കേരളത്തിലെ റോഡുകളിലെ കുഴികള്‍ അടക്കേണ്ടുന്ന ചുമതല സംസ്ഥാന സര്‍ക്കാറിന്റേതോ അതോ കേന്ദ്രസര്‍ക്കാറിന്റേതോ എന്ന ചര്‍ച്ച രൂക്ഷമാകുന്നതിനിടെയാണ് പോസ്റ്ററിലെ കുഴി പരാമര്‍ശം വിവാദമായത്. സിപിഎം അനുകൂല സൈബര്‍ പേജുകളില്‍ പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് സിനിമയുടെ പരസ്യത്തില്‍ ആരോപിക്കുന്നതെന്നാണ് സി.പി.എം അനുഭാവികളുടെ അവകാശവാദം. ഇന്നു തന്നെ സിനിമ കാണാന്‍ തീരുമാനിച്ചിരുന്നുവെന്നും സംസ്ഥാന സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനാല്‍ തീരുമാനം മാറ്റിയെന്നുമാണ് ഇടത് അനുകൂല പേജുകളില്‍ പലരും പറയുന്നത്. അതേസമയം, സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാത്രം നല്‍കിയ വാചകമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം.

പോസ്റ്ററിലെ വാചകം ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നവര്‍ ഇതിനെ എതിര്‍ക്കുന്നത് എന്തിനാണ്? ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണുമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, പ്രതികരിക്കാനില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Chandrika Web: