X
    Categories: gulfNews

നടന്നത് വന്‍ തട്ടിപ്പ്; ശതകോടികള്‍ നഷ്ടമുണ്ടായി- എന്‍എംസി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

അബുദാബി: ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലായിരുന്ന എന്‍എംസി ഹെല്‍ത്ത്‌കെയറില്‍ ബില്യണ്‍ ഡോളറുകളുടെ വെട്ടിപ്പ് നടന്നതായി അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. വെട്ടിപ്പ് നടത്തിയ സ്വത്തുക്കള്‍ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

സെപ്തംബറിലാണ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ എന്‍എംസി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അബുദാബി ഗ്ലോബര്‍ മാര്‍ക്കറ്റ്‌സ് കോര്‍ട്‌സിലെ ഹിയറിങിന് ശേഷം റിച്ചാര്‍ഡ് ഫഌമിങ് ആന്റ് ബെന്‍ കൈന്‍സ് ഓഫ് അല്‍വാരസ് ആന്റ് മാര്‍ഷല്‍ കമ്പനിയാണ് എന്‍എംസിയുടെ ഭരണച്ചുമതലകള്‍ ഏറ്റെടുത്തിരുന്നത്.

കമ്പനിക്ക് നഷ്ടമായ സ്വത്തുക്കള്‍ തിരിച്ചു പിടിക്കാന്‍ നിയമോപദേഷ്ടാക്കളായ ക്വിന്‍ ഇമ്മാനുവലിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം തന്ത്രമൊരുക്കുന്നത്. അടുത്ത മാര്‍ച്ചോടു കൂടി അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. 660 കോടി ഡോളറിന്റെ കടമാണ് എന്‍എംസിക്ക് ഉള്ളത് എന്ന് കരുതപ്പെടുന്നു. ഈയിടെ കമ്പനിയുടെ മെഡിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഷെട്ടിയുടെ ഭാര്യ ഡോ ചന്ദ്രകുമാരി രാജിവച്ചിരുന്നു. 1975ല്‍ കമ്പനി സ്ഥാപിതമായ വേളയില്‍ ആദ്യത്തെ ഡോക്ടറായിരുന്നു അവര്‍.

സാമ്പത്തിക തട്ടിപ്പിന് പിന്നില്‍ കമ്പനിക്കുള്ളില്‍ തന്നെയുള്ള ചെറുസംഘമാണ് എന്നാണ് ബിആര്‍ ഷെട്ടി ആരോപിച്ചിരുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്ക് അനുവദിക്കുകയും ചെയ്തത് ഈ സംഘമാണ് എന്നും അദ്ദേഹം പറയുന്നു. തന്റെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി പണം കൈമാറുകയായിരുന്നു. തന്റെ അറിവോ സമ്മതമോ ഇതിനുണ്ടായിരുന്നില്ല. എല്ലാ കൈമാറ്റങ്ങളും നടന്നത് വ്യാജ ഒപ്പ് ഉപയോഗിച്ചാണ്- ഈയിടെ എന്‍എംസിയുടെ ചുമതകളില്‍ നിന്ന് രാജിവച്ച അദ്ദേഹം പറയുന്നു.

അതിനിടെ, തട്ടിപ്പ് സിബിഐ പോലുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിആര്‍ ഷെട്ടി രംഗത്തെത്തി. ഇതു സംബന്ധിച്ച് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികള്‍ക്ക് ഷെട്ടി കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇദ്ദേഹം പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

 

Test User: