X

മണ്ണിടിച്ചിൽ: പോത്തുണ്ടി – നെല്ലിയാമ്പതി റോഡിൽ ചെറുനെല്ലി ഭാഗത്ത് കർശന ഗതാഗത നിയന്ത്രണം

പോത്തുണ്ടി – നെല്ലിയാമ്പതി റോഡിൽ ചെറുനെല്ലി ഭാഗത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി റോഡ് തകർന്നതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി ഭാരം കയറ്റിയ ചരക്കുവാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. റോഡിൻ്റെ സംരക്ഷണഭിത്തി നിർമാണപ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിയുകയും റോഡ് തകരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ മണ്ണിടിച്ചിലുണ്ടായഭാഗത്ത് ഇറക്കി അപകടസാധ്യതയുള്ള സ്ഥലത്തിന് ശേഷം വീണ്ടും കയറ്റി യാത്ര തുടരണം. ഡ്രൈവർ ഒഴികെയുള്ള യാത്രക്കാർ വാഹനങ്ങളിൽനിന്നിറങ്ങി കാൽനടയായി അപകടസ്ഥലം കടക്കേണ്ടതാണ്. രാത്രികാലങ്ങളിൽ പ്രദേശത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണം. സ്ഥലത്ത് അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് ജില്ലകലക്ടർ നിർദേശം നൽകി. രാത്രികാലങ്ങളിൽ ആവശ്യമായ വെളിച്ചം ഉറപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിനും നിർദേശം നൽകി.

റോഡ് പൂർവസ്ഥിയിലാക്കുന്നതിനാവശ്യമായ സമയം, തുടർ മണ്ണിടിച്ചിലിനുള്ള സാധ്യത, ഗതാഗത നിയന്ത്രണം തുടരേണ്ട കാലാവധി എന്നിവ സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിന് നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചിറ്റൂർ തഹസിൽദാർ, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഹസാർഡ് അനലിസ്റ്റ് എന്നിവരെ ചുമതലപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു.

webdesk15: