X
    Categories: localNews

എന്‍കെ അബ്ദുറഹീം ബാഖവി; വിട പറഞ്ഞത് മികച്ച ഗോളശാസ്ത്ര പണ്ഡിതന്‍

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: ഞായറാഴ്ച അന്തരിച്ച മലപ്പുറം കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്‌സ് സീനിയര്‍ മുദരിസും വൈസ് പ്രിന്‍സിപ്പലും കൂട്ടിലങ്ങാടി പാറടി മഹല്ല് ഖാസിയുമായിരുന്ന എന്‍.കെ.അബ്ദുറഹീം ബാഖവി വിജ്ഞാനവും വിനയവും കൊണ്ട് വെളിച്ചം വിതറിയ പണ്ഡിത ശ്രേഷ്ഠനും ഗോളശാസ്ത്ര, തര്‍ക്കശാസ്ത്ര വിഷയങ്ങളില്‍ അഗ്രകണ്യനും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു.

പണ്ഡിത ലോകത്ത് കൂട്ടിലങ്ങാടി ദേശത്തിന്റെ പേരും പെരുമയും പരത്തിയ മര്‍ഹും കൂട്ടിലങ്ങാടി പുളിക്കല്‍ ബാപ്പു മുസ്‌ലിയാരുടെയും ഇ.സി. ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1951 ല്‍ ജനിച്ച ബാഖവി പിതാവിന്റെ പൊരുളായി തന്നെയാണ് ജീവിതം നയിച്ചത്. ജ്ഞാന സമ്പാദനവും പ്രസരണവും ജീവിത സപര്യയായി കാണുകയും, അന്ത്യം വരെ അതേ വഴിയില്‍ നിലകൊള്ളുകയും ചെയ്തു.

കടുപുറത്ത് അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ ദര്‍സില്‍ നിന്നാണ് പഠനം തുടങ്ങിയത്. താനൂരില്‍ പിതാവിന്റെ ദര്‍സിലും ശേഷം കടുങ്ങല്ലൂര്‍, ആലത്തൂര്‍പ്പടി എന്നിവിടങ്ങളിലും പഠനത്തിന് ശേഷം 1974 ല്‍ വെല്ലുര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ഉപരിപഠനത്തിന് ചേര്‍ന്ന് 4 വര്‍ഷത്തിന് ശേഷം നാലാം റാങ്കോടെ ബിരുദം നേടി. തുടര്‍ന്ന് കരിഞ്ചാപ്പാടി, കുന്നുമ്മല്‍, കൊയിലാണ്ടി, വെങ്ങളം, മണ്ണാര്‍ക്കാട്, കീരം കുണ്ട് ,കൂട്ടിലങ്ങാടി ടൗണ്‍ എന്നിവിടങ്ങളില്‍ മുദരിസും ഖത്തീബുമായി സേവനം ചെയ്തു.

കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യഗണങ്ങളുള്ള ബാഖവി 1992 ലാണ് പിതാവിന്റെയും കോട്ടുമല ബാപ്പു മുസ്ലിയാരുടെയും നിര്‍ദ്ദേശമനുസരിച്ച് കോട്ടുമല കോംപ്ലക്‌സില്‍ മുദരിസായി ജോലിയില്‍ പ്രവേശിച്ചത്. ഗോള ശാസ്ത്രത്തിലും തര്‍ക്കശാസ്ത്രത്തിലും അപാരമായ അവഗാഹം ഉള്ള ബാഖവിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനും സംശയ നിവൃത്തി വരുത്താനും ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ കോംപ്ലക്‌സില്‍ വരിക പതിവായിരുന്നു. ഗോളശാസ്ത്ര ഗ്രന്ഥമായ തശ്രീഹുല്‍ അഫ് ലാക് പഠിപ്പിക്കുന്നതില്‍ ഒരു പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ടായിരുന്ന ബാഖവി പരന്ന വായനയിലൂടെ അറിവുകള്‍ നിരന്തരം വികസിപ്പിക്കുകയുംനര്‍മ്മത്തിന്റെ മേമ്പൊടിയോടെ ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃയിലെ ഉസ്താദുമാരായ സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട് എന്നീ ഉസ്താദുമാര്‍ 8 വര്‍ഷക്കാലം കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സില്‍ ബാഖവിയുടെ ശിഷ്യന്‍മാരായിരുന്നു.

ഉയര്‍ന്ന പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖവും മൂര്‍ഛിച്ച് ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. രാത്രി 9 മണിയോടെ പാറടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

web desk 1: