തിരുവനന്തപുരം: ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. മാര്‍ച്ച് മൂന്നിനാണ്് ബജറ്റ് അവതരണം.
16 ദിവസം നീളുന്ന സഭാ സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ടും മറ്റ് നടപടികളും പൂര്‍ത്തിയാക്കി മാര്‍ച്ച് 16ന് പിരിയും. തുടര്‍ന്ന് ഏപ്രിലില്‍ വീണ്ടും സഭ ചേരും. മെയ് മാസത്തിനു മുമ്പ് ബജറ്റ് പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കറന്‍സി അസാധുവാക്കല്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ അവസാനിക്കും മുമ്പാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ കൊണ്ട് സമ്മേളനം പ്രക്ഷുബ്ധമായേക്കും. പൊലീസിന്റെ അനാസ്ഥയും ക്രമസമാധാനവീഴ്ചയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചേക്കും. ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി അപമാനിച്ച സംഭവം സഭയില്‍ ഉന്നയിക്കപ്പെടും. കൂടാതെ ലോ അക്കാദമി വിഷയം, ജിഷ്ണുവിന്റെ ആത്മഹത്യ തുടങ്ങി സ്വാശ്രയമേഖലയിലെ നിരവധി വിഷയങ്ങളും പ്രതിപക്ഷം ഉയര്‍ത്തികാട്ടും.