തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിയിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടിക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിവന്‍കുട്ടി രാജിവക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയും ആവശ്യപ്പെട്ടു. കേസിന് പൊതുപണം ഉപയോഗിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ അന്തസും ആഭിജാത്യവും ഉയര്‍ത്തിക്കാട്ടിയ വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. കേസ് പിന്‍വലിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.