X

നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രിമാര്‍ 28ന് ഹാജരാകണം

തിരുവനന്തപുരം; നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീലടക്കമുള്ള പ്രതികള്‍ ഈ മാസം 28 നു നേരിട്ടു ഹാജരാകണമെന്നു കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ തള്ളിയ കോടതി ഇന്നു മന്ത്രിമാരടക്കമുള്ള ആറു പ്രതികളോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികള്‍ അവധി അപേക്ഷനല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഈ മാസം 28 നു നേരിട്ടു ഹാജരാകാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. അന്നു കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. സമൂഹത്തിലെ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്ക് നിയമം ബാധകമല്ലേ എന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ കോടതി വാക്കാല്‍ ആരാഞ്ഞിരുന്നു. കേസ് കോടതിയിലെത്തിയിട്ടും ജാമ്യപേക്ഷ പോലും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എം.എല്‍.എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തികന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ പ്രതികള്‍.

 

 

chandrika: