X

നിയമസഭയിലെ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു; സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണത്തിനെതിരായ സമരത്തില്‍ പൊതു മുതല്‍ നശിപ്പിച്ചതിന് ആറ് ഇടതു നേതാക്കള്‍ക്കെതിരെ എടുത്ത കേസാണ് പിന്‍വലിച്ചത്.

കേരള നിയമസഭക്ക് നാണക്കേടുണ്ടാക്കിയ സംഭവം മാണിയെ തടയാനുള്ള എല്‍ഡിഎഫ് എംഎല്‍മാരുടെ ശ്രമത്തിനിടെയാണ് ഉണ്ടായത്. സ്പീക്കറുടെ കേസരയും മൈക്കും കമ്പ്യൂട്ടറും തകര്‍ത്തിന് ആറു ഇടത് എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തിരുന്നു. രണ്ടു ലക്ഷം രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം. വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ അജിത്, കുഞ്ഞഹബമ്മദ് മാസ്റ്റര്‍ സി.കെ സദാശിവന്‍ എന്നിവര്‍ പ്രതികളായിരുന്നു.

സര്‍ക്കാര്‍ മാറിയതോടെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് ശിവന്‍കുട്ടി പിണറായിക്ക് കത്ത് നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ ഉത്തരവിറക്കിയരിക്കുന്നത്. അതേസമയം, ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്തെത്തി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെയാണ് അധിക്ഷേപിച്ചത്. സര്‍ക്കാര്‍ നിയമസഭയോട് അനാദരവ് കാട്ടി. നീതിബോധമുള്ള ഭരണാധികാരി ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

chandrika: