X

നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; അതീവ ജാഗ്രത

തിരുവനന്തപുരം: നിവാര്‍ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിവാര്‍ ചുഴലിക്കാറ്റിന്റെ പാത പിന്തുടരാനാണു സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തമിഴ്നാട്ടില്‍ കരയില്‍ പ്രവേശിക്കുമെന്നാണു കരുതുന്നത്.

തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയിലാണ്. പലയിടത്തും പ്രളയസമാനമായ സാഹചര്യം ഉണ്ടാകാമെന്നു മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ നിവാര്‍ ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും വീശുക. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. പുതുച്ചേരിയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.

ചെമ്പരപ്പാക്കം റിസര്‍വോയര്‍ തടാകത്തിന്റെ ഷട്ടറുകള്‍ തുറന്നതോടെ അഡയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയില്‍ പുതുച്ചേരി തീരത്തു മണിക്കൂറില്‍ 120-145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണു വിലയിരുത്തല്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെന്നൈയില്‍ ചുഴലി നാശം വിതയ്ക്കില്ലെന്നാണു കണക്കുകൂട്ടല്‍. എന്നാല്‍, കനത്ത മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കത്തിനു കാരണമാകുമോ എന്ന ആശങ്കയുണ്ട്.

 

Test User: