X

നിതീഷിനെയും ബി.ജെ.പിയേയും കടന്നാക്രമിച്ച് തേജസ്വി

പട്‌ന: മുന്നണി മാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെയും ഇതിന് ഒത്താശ ചെയ്ത ബി.ജെ.പിയേയും കടന്നാക്രമിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാജവ്. ബി.ജെ.പിക്കൊപ്പം പോകാന്‍ നിതീഷ് നേരത്തെ പദ്ധതിയിട്ടിരുന്നെന്നും ഗാന്ധിജിയുടെ കൊലപാതകികളുമായാണ് അദ്ദേഹം കൂട്ടുകൂടിയിരിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഒറ്റക്ക് നില്‍ക്കാനുള്ള ശക്തിയില്ലെന്ന് നിതീഷ് തെളിയിച്ചിരിക്കുന്നു. ആര്‍.ജെ.ഡിയെയോ ബി.ജെ.പിയെയോ ഒപ്പം കൂട്ടി മാത്രമേ അദ്ദേഹത്തിന് ഭരിക്കാനാവൂ. തനിക്കെതിരായ കേസിനെക്കുറിച്ച് പറയുന്ന നിതീഷിന് ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായ സുഷീല്‍ കുമാര്‍ മോദിക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയുമോ എന്നും 27 കാരനായ തേജസ്വി ചോദിച്ചു. തന്റെ രാജിയെക്കുറിച്ച് നിതീഷ് ഒരിക്കലും സംസാരിച്ചിരുന്നില്ല. രാജിക്കാര്യം സൂചിപ്പിച്ചിരുന്നെങ്കില്‍ അതു പരിഗണിക്കുമായിരുന്നു- അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും നിതീഷ് കുമാറിന് ആര്‍.ജെ.ഡി മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കിയതും തേജസ്വി ഓര്‍മ്മിപ്പിച്ചു. അവസരവാദികളെ ബിഹാര്‍ ജനത പാഠം പഠിപ്പിക്കുമെന്നും തന്റെ ചോദ്യങ്ങളില്‍ നിന്ന് നിതീഷ് ഒളിച്ചോടുകയാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

chandrika: