X

നിതീഷ് കുമാറിന് കുരുക്കായി ഇന്‍ഡിഗോ മാനേജറുടെ കൊലപാതകം; രാജി ആവശ്യം ശക്തം

പട്‌ന: ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയാകുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപിയിലെ ചില നേതാക്കളും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള നിതീഷിനെതിരെ ആരോപണം ഉന്നയിച്ചു.

പട്‌നയില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് രൂപേഷ് കുമാര്‍ സിങ് (44) കഴിഞ്ഞ ദിവസം വൈകിട്ട് വെടിയേറ്റു മരിച്ചത്. സ്വന്തം വീടിന്റെ പുറത്ത് ഗെയ്റ്റ് തുറക്കുന്നതും കാത്ത് വാഹനത്തിലിരുന്ന രൂപേഷിനെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവയ്ക്കുകയായിരുന്നു.

നിരവധി രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള രൂപേഷിന്റെ കൊലപാതകം വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്തു വയസ്സില്‍ താഴെ പ്രായമുള്ള രണ്ടു മക്കളുണ്ട് രൂപേഷിന്. പട്‌ന വിമാനത്താവളത്തില്‍ കോവിഡ് വാക്‌സീന്‍ എത്തിയപ്പോള്‍ രൂപേഷ് അവിടെയുണ്ടായിരുന്നു. പിന്നീട് കൊലയാളികള്‍ മൂന്നു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് രൂപേഷിനെ വധിച്ചതെന്നു പൊലീസ് കരുതുന്നു.

സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ നിതീഷ് കുമാറിന് നിയന്ത്രണമില്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ ഗോപാല്‍ നാരായണ്‍ സിങ് കുറ്റപ്പെടുത്തി. അഴിമതിക്കേസുകള്‍ വര്‍ധിക്കുന്നു. സര്‍ക്കാരിനോ പൊലീസിനോ നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തണലില്‍ വളരുന്ന ക്രിമിനലുകളാണ് രൂപേഷിനെ കൊന്നതെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. ക്രിമിനലുകളാണ് സര്‍ക്കാരിനെ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ആരോപിച്ചു. ആരും സുരക്ഷിതരല്ലെന്നാണ് ഇതു തെളിയിക്കുന്നത്. ക്രമസമാധാനം നിയന്ത്രിക്കാന്‍ നിതീഷിനു കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

 

Test User: