ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് കുമാറിന്റെ മാനസിക സ്ഥിരതയെ ചോദ്യം ചെയ്ത പ്രശാന്ത് കിഷോർ, അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരികമായി അവശനാണ് നിതിഷ് കുമാർ. സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.
നിതീഷിന്റെ ആരോഗ്യത്തെ കുറിച്ച് ആദ്യം ആശങ്ക പങ്കുവെച്ചത് അദ്ദേഹത്തിന്റെ അനുയായി ആയ സുശീൽ കുമാർ ആണ്. അതിനു ശേഷം ബിഹാറിലെ മന്ത്രിമാർ വരെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞു. ജനുവരി വരെ ഇക്കാര്യത്തിൽ താൻ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.
എന്നാൽ ബിഹാർ പബ്ലിക് സർവീസ് പ്രതിഷേധത്തിലൂടെ നിതീഷ് കുമാറിന്റെ മാനസിക സ്ഥിരത ഓരോ ദിവസം കഴിയും തോറും വഷളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം ഞാൻ മനസിലാക്കി. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും മനസിലാകുന്നുപോലുമില്ല.-പ്രശാന്ത് കിഷോർ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
പൊതുപരിപാടിയിൽ ദേശീയ ഗാനം അവതരിപ്പിച്ച വേളയിൽ ചീഫ് സെക്രട്ടറിയോട് സംസാരിച്ചുകൊണ്ടു നിൽക്കുന്ന നിതീഷ് കുമാറിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലുള്ള നിതീഷിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനവും ഉയർന്നു. ബിഹാർ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തുവന്നു.
ഏതാനും ആഴ്ചകളായി നിതീഷ് കുമാറിനെ നിരന്തരം വിമർശിച്ച് രംഗത്ത് സജീവമാണ് പ്രശാന്ത് കിഷോറും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വിജയിപ്പിക്കരുതെന്നാണ് വോട്ടർമാരോടുള്ള കിഷോറിന്റെ അഭ്യർഥന. അധികാരം നിലനിർത്താനുള്ള കവചമായി നിതീഷ് കുമാറിനെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അടുത്തിടെയുണ്ടായ മന്ത്രിസഭ വികസനം കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൊതുപണം ദുർവിനിയോഗം ചെയ്യാനുള്ള അവസരമാക്കി മാറ്റിയെന്നും കിഷോർ ആരോപിച്ചു.
ആരോപണങ്ങൾക്കിടെ നിതീഷ് കുമാർ പൂർണ ആരോഗ്യവാനാണെന്നും ഒരു പ്രശ്നവുമില്ലെന്നും വാദിച്ച് മകൻ നിഷാന്ത് കുമാറും ജെ.ഡി.യു നേതാക്കളും രംഗത്ത്‍വന്നിരുന്നു. നിതീഷ് 100 ശതമാനം ഫിറ്റാണെന്നും അടുത്ത തവണയും സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്നും അവർ അവകാശപ്പെടുകയുണ്ടായി.