നീതി ആയോഗ് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ലെന്ന് അധികൃതർ. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് യോഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്‍റെ കാരണം വ്യക്തമല്ല.
“ഇത് ആദ്യമായല്ല മുഖ്യമന്ത്രി നിതീഷ് ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തത്. നേരത്തെയും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തില്ല, ബിഹാറിനെ പ്രതിനിധീകരിച്ചത് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു -ജെ.ഡി.യു വക്താവ് നീരജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാറിൽ നിന്നുള്ള 4 കേന്ദ്ര മന്ത്രിമാരും നീതി ആയോഗിൽ അംഗങ്ങളാണെന്നും അവർ യോഗത്തിൽ പങ്കെടുക്കുമെന്നും ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി അധ്യക്ഷനായ നീതി ആയോഗിന്‍റെ പരമോന്നത ബോഡിയിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരും നിരവധി കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു.
ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തു.