X
    Categories: indiaNews

നിതീഷും ലാലുവും ഇന്ന് സോണിയയെ കാണും; ലക്ഷ്യം പ്രതിപക്ഷ ഐക്യം

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍. ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.

ബിഹാര്‍ മാതൃകയിലുള്ള മഹാസഖ്യം ദേശീയ തലത്തിലും നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയാണ് ലക്ഷ്യം. ആറു വര്‍ഷത്തിനിടെ നിതീഷും സോണിയയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. രാഹു ല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് ജെ. ഡി.യു, ആര്‍.ജെ.ഡി നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഭാരത് ജോഡോ യാത്രക്കായി കേരളത്തില്‍ രാഹുല്‍ ആയതിനാല്‍ രാഹുല്‍ ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തേക്കില്ല. ഒരു മാസം മുമ്പ് നിതീഷ് കുമാര്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ചികിത്സാര്‍ത്ഥം വിദേശത്ത് ആയിരുന്നതിനാല്‍ സോണിയയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കെജ്‌രിവാള്‍, എന്‍. സി.പി നേതാവ് ശരത് പവാര്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായും നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.

2015ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിലാണ് നീതീഷും സോണിയയും ഇതിനു മുമ്പ് ഒരുമിച്ചു വന്നത്. മാത്രമല്ല ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായരായ രണ്ട് നേതാക്കള്‍ ഒരുമിച്ച് സോണിയയെ കാണാന്‍ എത്തുന്നതും കൂടിക്കാഴ്ചയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. വിശാല പ്രതിപക്ഷ ഐക്യത്തിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ എന്‍.സി.പി നേതാവ് ശരത് പവാര്‍ നടത്തുന്ന നീക്കങ്ങളും വിജയം കാണുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിനെ നേരിട്ട് എതിര്‍ക്കുന്ന നിലപാടുകളില്‍ മമത മയം വരുത്തുമെന്നാണ് പവാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ബി.ജെ.പിയെ സഹായിക്കുകയാണെന്ന് ആരോപിച്ച് മമത നേരത്തെ ശക്തമായി രംഗത്തെത്തിയിരുന്നു.

Test User: