X

ഇന്ത്യ ആര് ഭരിക്കുമെന്ന് നിതീഷും ചന്ദ്ര ബാബു നായിഡുവും തീരുമാനിക്കും; ഇന്ത്യാ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന്

400 സീറ്റുകളെന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് സഖ്യ കക്ഷികളെയും ചേര്‍ത്ത് ആകെ നേടാനായത് 292 സീറ്റുകളാണ്. ഇന്ത്യാ മുന്നണി നേടിയതാവട്ടെ 234 സീറ്റുകളും. ഇതോടെ രാജ്യം ആര് ഭരിക്കുമെന്നത് ഇനി നിതീഷ് കുമാറിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും നിലപാട് അനുസരിച്ചിരിക്കും.

ഇത്തവണ ആകെ 240 സീറ്റുകള്‍ നേടാനെ ബി.ജെ.പിക്ക് സാധിച്ചുള്ളൂ. ജെ.ഡി.യു ബിഹാറില്‍ നേടിയ 12 സീറ്റും ടി.ഡി.പി ആന്ധ്രാപ്രദേശില്‍ നേടിയ 16 സീറ്റും ചേര്‍ന്നാണ് കേവല ഭൂരിപക്ഷത്തിലേക്ക് എന്‍.ഡി.എ സഖ്യം എത്തിയത്.സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് മോദി പറഞ്ഞെങ്കിലും ഇന്ത്യാ സഖ്യവും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ നിര്‍ണായക യോഗം വൈകിട്ട് 6 മണിക്ക് നടക്കും. എല്ലാ കക്ഷികളുമായി നടക്കുന്ന യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എന്‍.സി.പി നേതാവ് ശരദ് പവാര്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും തെലുങ്ക് ദേശം പാര്‍ട്ടി ചന്ദ്ര ബാബു നായിഡുവിനെയും വിളിച്ച് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകാന്‍ ഓഫറുകള്‍ മുന്നോട്ട് വെച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിതീഷ് കുമാറിന് ഉപ പ്രധാനമന്ത്രി പദവും ചന്ദ്രബാബു നായിഡുവിന് ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്നും വാഗ്ദാനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇനി എന്‍.ഡി.എയുടെ ഭാഗമായി തുടരുമോ അതോ ഇന്ത്യാ സഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നത് നീതീഷിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും നിലപാട് അനുസരിച്ചിരിക്കും.

ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തിനടക്കം നേതൃത്വം നല്‍കിയിരുന്ന നിതീഷ് കുമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സഖ്യത്തിലേക്ക് തിരിച്ച് വരുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഇരുവരുടെയും പിന്തുണ തേടനുള്ള ശ്രമങ്ങള്‍ ഇന്ത്യാ മുന്നണിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അഴിമതിക്കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ചന്ദ്ര ബാബു നായിഡു ആന്ധ്രയില്‍ വലിയ തിരുച്ച് വരവാണ് നടത്തിയിരിക്കുന്നത്. ആകെ 16 സീറ്റുകളാണ് ടി.ഡി.പി ആന്ധ്രാപ്രദേശില്‍ നേടിയത്.ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ടി.ഡി.പി വലിയ മുന്നേറ്റമാണ് നടത്തിയത്. 135 സീറ്റുകള്‍ നേടിയാണ് ടി.ഡി.പി സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് വെറും 11 സീറ്റുകള്‍ മാത്രമേ സംസ്ഥാനത്ത് നേടാന്‍ സാധിച്ചുള്ളൂ.

 

webdesk13: