പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയ ചേരിപ്പോരുകള്‍ക്കൊടുവില്‍ കലങ്ങിത്തെളിഞ്ഞ ബിഹാറില്‍ ഒരു രാത്രിയുടെ ഇടവേളക്കു ശേഷമാണ് നിതീഷ്‌കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ബിജെപിയുമായുള്ള അസ്വാരസ്യങ്ങള്‍ ശക്തമായതിനു പിന്നാലെ ഇന്നലെയാണ് നിതീഷ്‌കുമാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചത്. ഇതോടെ ബിഹാറിലെ എന്‍.ഡി.എ ഭരണം അവസാനിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ തന്നെ ആര്‍.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യവുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷ്‌കുമാര്‍, ഗവര്‍ണര്‍ക്കു മുന്നില്‍ അവകാശവാദമുന്നയിക്കുകയും ചെയ്തു.
ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേല്‍ക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന ആര്‍ജെഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. പട്‌നയിലെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
സത്യപ്രതിജ്ഞക്കു മുന്നോടിയായി നിതീഷ്‌കുമാര്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഫോണില്‍ വിളിച്ചു. മറ്റു മന്ത്രിമാര്‍ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. മന്ത്രിസഭാ രൂപീകരണം, വകുപ്പു വിഭജനം തുടങ്ങിയ വിഷയങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നാണ് വിവരം.